ജമാഅത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ഹൈദരലി തങ്ങള്‍ ചെയര്‍മാനായ സംഘടന രംഗത്ത്

Posted on: February 5, 2014 2:07 am | Last updated: February 5, 2014 at 2:07 am

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം നല്‍കിയിരിക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ചേളാരി സമസ്ത വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സംഘടന രംഗത്തെത്തി. ചേളാരി സമസ്തയും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നിലപാട് ആവര്‍ത്തിക്കുമ്പോഴാണ് ഹൈദരലി തങ്ങള്‍ ചെയര്‍മാനായ ജംഇയ്യത്തുല്‍ ഖുദാത്ത് പത്രക്കുറിപ്പിറക്കിയത്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആദ്യം രംഗത്തുവന്നത് തങ്ങളാണെന്ന ചേളാരി സമസ്ത നേതാക്കളുടെ അവകാശവാദം പ്രസിദ്ധീകരിച്ച അതേദിവസം തന്നെയാണ് ഇ കെ സമസ്ത നേതാവ് പദവിയിലിരിക്കുന്ന സംഘടന അതേ ജമാഅത്തെ ഇസ്‌ലാമിക് സ്തുതി പറഞ്ഞ് രംഗത്തുവന്നത്.
ആയിരക്കണക്കിന് പള്ളികളും മദ്‌റസകളും അനാഥാലയങ്ങളും നടത്തുകയും സാമൂഹിക മതേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് സംഘടന പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി നല്‍കിയ കേസില്‍ നീതിരഹിതമായ സത്യവാങ്മൂലം നല്‍കിയത് ശരിയായ നടപടിയല്ലെന്ന് ജംഇയ്യത്തുല്‍ ഖുദാത്ത് വല്‍ മഹല്ലത്ത് പത്രക്കുറിപ്പില്‍ പറയുന്നു.