Connect with us

Kerala

ടി പി വധം: അന്വേഷണ സംഘത്തിന് പാരിതോഷികം - പ്രഖ്യാപനം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ടി പി വധക്കേസ് അന്വേഷണ സംഘത്തിനുള്ള ബാഡ്ജ് ഓഫ് ഓണറും ബുദ്ധിമുട്ടേറിയ കേസുകള്‍ അന്വേഷിച്ച് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഡിറ്റക്ടീവ് എക്‌സലന്‍സ് അവാര്‍ഡുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ പോലീസ് യൂനിവേഴ്‌സിറ്റി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഡോ. എം ആര്‍ മാധവ മേനോന്‍ ചെയര്‍മാനായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും.
കേന്ദ്ര സര്‍ക്കാറിന്റെ റൂസ പദ്ധതി പ്രയോജനപ്പെടുത്തി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സിലുമായി ചേര്‍ന്നായിരിക്കും യൂനിവേഴ്‌സിറ്റി ആരംഭിക്കുക. പോലീസ് അക്കാദമിയെ തന്നെ യൂനിവേഴ്‌സിറ്റിയാക്കി മാറ്റുന്ന കാര്യവും ആലോചിക്കുന്നുണ്ട്. നിലവില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഇവ കണ്ടെത്തുന്നതിനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും പോലീസുകാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് പരിജ്ഞാനം വേണം. അതിനുവേണ്ടിയാണ് പോലീസ് യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നത്.
ടി പി വധക്കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ച വിന്‍സന്റ് എം പോള്‍, അനൂപ് കുരുവിള എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ മന്ത്രി ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു.