Connect with us

International

ഉക്രൈന്‍: ഭരണഘടന തിരുത്തണമെന്ന് പ്രതിപക്ഷ എം പിമാര്‍

Published

|

Last Updated

കീവ്: ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ യൂറോപ്യന്‍വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭം രാജ്യ വ്യാപകമായിക്കൊണ്ടിരിക്കെ ഭരണഘടനാ മാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ രംഗത്തെത്തി. സര്‍ക്കാറിനുമേല്‍ പാര്‍ലിമെന്റിനുള്ള അധികാരം വര്‍ധിപ്പിച്ച് നിയമ നിര്‍മാണം നടത്തണമെന്നാണ് പ്രതിപക്ഷ എം പിമാരുടെ ആവശ്യം. കൂടാതെ പ്രസിഡന്റിന്റെ അധികാര പരിധി വെട്ടിക്കുറക്കണമെന്നും എം പിമാര്‍ വ്യക്തമാക്കി. ഒരു ഭാഗത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ പ്രതിപക്ഷ എം പിമാരുടെ ആവശ്യം സര്‍ക്കാറിന് പുതിയ തലവേദനയായേക്കും.
പ്രസിഡന്റിന്റെ ഭരണം സ്വേച്ഛാധിപത്യത്തിന് തുല്യമാണെന്നും രാജ്യത്തിന്റെ ഭരണ പ്രക്രിയയില്‍ എം പിമാര്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും തീരുമാനങ്ങളെടുക്കാനുമുള്ള അധികാരം ഉണ്ടാകണമെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ഉദാര്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ ലോക ബോക്‌സിംഗ് താരവുമായ വിതാലി ക്ലിച്‌കോ വ്യക്തമാക്കി. പാര്‍ലിമെന്റില്‍ വോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ അമര്‍ത്തുന്നതില്‍ മാത്രം എം പിമാരുടെ അവകാശം ഒതുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിരുത്തരവാദിത്വ പൂര്‍ണമായ സമീപനമാണ് എം പിമാര്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ വക്താക്കള്‍ കുറ്റപ്പെടുത്തി. ഭരണ ഘടന മാറ്റണമെന്ന പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് പിന്നാലെ പാര്‍ലിമെന്റിന് സമീപത്ത് പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍ നടന്നു. റഷ്യയുമായി അടുക്കുന്നതിലും യൂറോപ്യന്‍ യൂനിയനുമായി കരാര്‍ ഒപ്പ് വെക്കാത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുകയാണ്. പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ ആറ് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest