പള്ളികളിലും ഭജനമഠങ്ങളിലും ഭക്ഷണവും കുടിവെള്ളവുമൊരുക്കി നാടിന്റെ ആദരം

  Posted on: February 3, 2014 6:00 am | Last updated: February 3, 2014 at 12:56 am

  Vellam vitharanam cheyyunna lakshmananu govindanum KNR

  പയ്യന്നൂര്‍: സുന്നി പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഒരുക്കി നാട്ടുകാരുടെ കൂട്ടായ്മ.
  വിവിധ മുസ്‌ലിം സംഘടനകളുടെയും ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരുക്കിയ അഞ്ഞൂറിലധികം തണ്ണീര്‍ പന്തലുകള്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആശ്വാസമായി. ഒരു ഭാഗത്ത് പാപ്പിനിശ്ശേരി മുതലും മറുഭാഗത്ത് രാമന്തളി മുതലും എട്ടിക്കുളം വരെ അവിടവിടെയായി തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു.
  ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ക്കെ എട്ടിക്കുളത്തേക്ക് എത്തിക്കൊണ്ടിരുന്ന ജനപ്രവാഹത്തിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ നാട്ടുകാരും സംഘടനകളും കാണിച്ച സുമനസ്സ് മാതൃകയായി. രാത്രി മുതല്‍ എട്ടിക്കുളത്ത് തടിച്ചുകൂടിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രഭാത നിസ്‌കാരത്തിനും അംഗശുദ്ധി വരുത്താനും അമുസ്‌ലിം വീടുകളിലും ഭജനമഠങ്ങളിലും സൗകര്യമൊരുക്കി ഉള്ളാള്‍ തങ്ങളോടുള്ള നാടിന്റെ ആദരവ് മതസൗഹാര്‍ദത്തിനും വഴിയൊരുക്കി.