ദേവയാനി: അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു

Posted on: December 31, 2013 7:00 pm | Last updated: December 31, 2013 at 11:46 pm

nancy j powelവാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ് ചെയ്തതില്‍ അമേരിക്ക വീണ്ടും ഖേദപ്രകടനം നടത്തി. നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും ഇതില്‍ ഖേദമുണ്ടെന്നും യു എസ് അംബാസിഡര്‍ നാന്‍സി ജെ പവല്‍ ഇന്ത്യക്കയച്ച പുതുവത്സര സന്ദേശത്തില്‍ അറിയിച്ചു. താനും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇക്കാര്യത്തില്‍ ഖേദം അറിയിക്കുന്നുവെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, ദേവയാനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടി തുടരുന്നത് സംബന്ധിച്ച് ഒരു കാര്യവും സന്ദേശത്തില്‍ പറയുന്നില്ല.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ദേവയാനി സംഭവം തത്ക്കാലത്തേക്കെങ്കിലും പ്രതികൂലമായി ബാധിച്ചതില്‍ നിരാശയുണ്ട്. ഉപയക്ഷി ബന്ധം കൂടുതല്‍ സൗഹാര്‍ദപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും കത്തില്‍ പറയുന്നു.

ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.