Connect with us

Wayanad

വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് സി പി എം അംഗങ്ങള്‍

Published

|

Last Updated

കല്‍പറ്റ: മൂന്നു വര്‍ഷമായി അധികാരത്തിലിരിക്കുന്ന യു ഡി എഫ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങള്‍ക്ക് ബാധ്യതയായി തീര്‍ന്നിരിക്കുകയാണെന്ന് സി പി എം അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഇവര്‍ നടത്തിയതെന്നും അവര്‍ ആരോപിച്ചു. 99 വര്‍ഷത്തേക്ക് ബാണാസുര മലയിലെ കുടിവെള്ളം സ്വകാര്യ റിസോര്‍ട്ടിന് പാട്ടത്തിന് നല്‍കാന്‍ ഇവരെടുത്ത തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്. ലീഗിലെ അതിരുവിട്ട അധികാര മോഹത്തിന്റെ ഫലമായി സ്റ്റയറിംഗ് കമ്മിറ്റി യോഗങ്ങള്‍ പോലും ചേരുന്നില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ യഥാസമയം ചേരുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ലീഗിലെ തമ്മിലടി വിജിലന്‍സ് കേസില്‍ പ്രതിയായ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ പ്രസിഡന്റാക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ പേരില്‍ വ്യാജ രേഖചമച്ച് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ട് മുറികള്‍ കൈവശം വെക്കുകയും മേല്‍വാടകക്ക് കൊടുക്കുകയും ചെയ്തതിനാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കുന്നത്. വനിതാ ലീഗിന്റെ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നടത്തിയ ലക്ഷങ്ങളുടെ സി ഡി എസ് ഫണ്ട് വെട്ടിപ്പ് കൈയ്യോടെ പിടികൂടിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന സസ്‌പെന്‍ഡ് ചെയ്ത സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഭരണസഹായത്താല്‍ ഇപ്പോഴും തുടരുകയാണ്. പല അങ്കണ്‍വാടികളുടെയും നില അതീവ ശോചനീയാവസ്ഥയിലായതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്.

തങ്ങള്‍ക്കിഷ്ടപ്പെടാത്തയാള്‍ എന്റര്‍ പ്രണറായതിനെ തുടര്‍ന്ന് നിയമ പ്രകാരം നിയമനാവകാശം ലഭിച്ച തരുവണ അക്ഷയ എന്റര്‍ പ്രണരെ അയോഗ്യതയാക്കിയതു മൂലം പൊരുന്നന്നൂര്‍ വില്ലേജിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഇതു ഹൈക്കോടതിയില്‍ കേസായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തൊഴിലുറപ്പിലും മൂന്നു മാസമായി തൊഴിലാളികള്‍ക്ക് കൂലി പോലും കൊടുത്ത് തീര്‍ത്തിട്ടില്ല. ഒരു രൂപ പോലും മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗിച്ചിട്ടില്ല. 2013-14 വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ് ഇതുവരെ പരസിദ്ധീകിരിച്ചിട്ടില്ല. ഇതു മൂലം ഭരണ സ്തംഭനത്തിലേക്കാണ് പഞ്ചായത്ത് നീങ്ങുന്നത്. പഞ്ചായത്ത് ഭരണ സമിതി രാജിവെച്ച് ജനവിധി തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സി എം അനില്‍കുമാര്‍, സി യു പ്രത്യാഷ്, കെ അബ്ദുല്ല, പി പി ജോര്‍ജ്, കുഞ്ഞിരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest