അപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് അബോധാവസ്ഥയില്‍

Posted on: December 30, 2013 2:07 pm | Last updated: December 30, 2013 at 2:07 pm

aaaദുബൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി അഞ്ചു മാസമായി അബോധാവസ്ഥയില്‍. പത്തിരിപ്പാല മണ്ണൂര്‍ ചേറുംചോല പടിഞ്ഞാര്‍ക്കര സെയ്തുട്ടിയാണ് ദുബൈ് റാശിദ് ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ ജൂലൈ 12ന് ബര്‍ദുബൈയില്‍ റോഡിന് കുറുകെ കടക്കവെ വാഹനമിടിച്ചായിരുന്നു അപകടം. അന്ന് അബോധാവസ്ഥയിലായ സെയ്തുട്ടിക്ക് മാസം അഞ്ചു പിന്നിട്ടിട്ടും ബോധം തെളിഞ്ഞിട്ടില്ല. തലയ്ക്ക് ക്ഷതമേറ്റതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനോടകം മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ മാറ്റമില്ല. അടുത്ത ബന്ധുക്കളുടെ സാന്നിധ്യം രോഗിയില്‍ മാറ്റമുണ്ടാക്കുമെന്ന ഡോക്ടറുടെ ഉപദേശപ്രകാരമാണ് നാട്ടില്‍ മദ്രസാധ്യാപകനായി ജോലി ചെയ്യുന്ന സഹോദരന്‍ മുത്തലിബിനെ ഇവിടെ എത്തിച്ചത്.
അല്‍ ഐനിലെ റാവി റസ്റ്റേറന്റില്‍ പാചകക്കാരനായിരുന്ന സെയ്തുട്ടി നാട്ടില്‍ പോകുന്നതിനായി സാധനങ്ങള്‍ വാങ്ങാനാണ് ബര്‍ദുബൈയിലേക്ക് വന്നത്. നാട്ടില്‍ ഭാര്യയും അഞ്ചു മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സെയ്തുട്ടി.
വിദഗ്ധ ചികിത്സ ലഭ്യമാക്കിയാലേ സെയ്തുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് ഉദാരമതികളുടെ സഹായം കാത്ത് കഴിയുകയാണ് ഈ പാവം പ്രവാസി.