കുരങ്ങുശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം: ജില്ലാ വികസന സമിതി

Posted on: December 29, 2013 1:36 am | Last updated: December 29, 2013 at 1:36 am

കല്‍പറ്റ: നഗരസഭാ പരിധിയിലെ കുരങ്ങുശല്യം നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വനം വകുപ്പുദേ്യാഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ സൈ്വരജീവിതം തടസപ്പെടുത്തുന്ന ഇവയെ കൂടുപയോഗിച്ച് പിടിച്ച് ഉള്‍ക്കാടുകളില്‍ തുറന്നുവിടുന്നതിന് സംവിധാനമൊരുക്കണമെന്നും പ്രമേയമവതരിപ്പിച്ച എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ചു.
പൊതുവെ സസ്യഭുക്കുകളായി അറിയപ്പെടുന്ന കുരങ്ങുകള്‍ മാംസം ഭക്ഷിക്കുന്നുവെന്ന തരത്തില്‍ വരുന്ന റിപ്പോര്‍ട്ടുകളെ ഗൗരവമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനപ്പെട്ട വകുപ്പുകളുടെ ധനവിനിയോഗത്തില്‍ വന്ന കുറവ് സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരില്‍നിന്നും എം.എല്‍.എ. വിശദീകരണം തേടി. തദ്ദേശഭരണ വകുപ്പിലെ എഞ്ചിനീയര്‍മാരുടെ കുറവ് പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
അഞ്ച് പേര്‍ വേണ്ടിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍സിയര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാല്‍ പ്രവൃത്തികളുടെ മേല്‍നോട്ടം കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. നിരവധി കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അടിയന്തിര പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അറിയിച്ചു.
കാരാപ്പുഴ പദ്ധതിക്ക് സമീപമുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എക്‌സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
കല്‍പ്പറ്റ ബൈപാസ് റോഡ് ജനുവരി 10 ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
രാജീവ്ഗാന്ധി വൈദ്യുതി പദ്ധതിയില്‍ മൂന്ന് പ്രവൃത്തികള്‍ മാത്രമെ തുടങ്ങാന്‍ ബാക്കിയുള്ളൂവെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി.യോട് യോഗം നിര്‍ദ്ദേശം നല്‍കി.
ഇതു സംബന്ധിച്ച പ്രമേയമവതരിപ്പിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി പലയിടങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നും ഇവ ഒഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മുന്‍കാലത്ത് ആരംഭിച്ചതും പാതിവഴിയിലായതുമായ വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് സഹായം നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഇന്ദിരാ ആവാസ് യോജന ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തണമെന്ന് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഇതു സംബന്ധിച്ച പ്രമേയമവതരിപ്പിച്ച സി. അബ്ദുള്‍ അഷ്‌റഫ് ഐ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അറുപത് ശതമാനത്തോളം പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണെന്ന് ചൂണ്ടിക്കാട്ടി.
അക്ഷയ കേന്ദ്രങ്ങളില്‍ ബാങ്കിംഗ് കിയോസ്‌കുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള 48 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അസി. കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ പോകാതെ തന്നെ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാകും.
രണ്ടായിരം രൂപ വരെ തുക പിന്‍വലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലി പിന്‍വലിക്കുന്നതിനും പാചക വാതക സബ്‌സിഡിയും മറ്റും പണമായി ലഭിക്കുന്നതിനും ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.