ബോക്‌സിംഗ് ഡേയില്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ

Posted on: December 25, 2013 7:36 am | Last updated: December 25, 2013 at 7:36 am

indiaകിംഗ്‌സ്‌മെഡ്: നാളെ ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നേരിയ മാനസിക മുന്‍തൂക്കം ഇന്ത്യക്കാകും. ആദ്യ ടെസ്റ്റില്‍ ജയിച്ചില്ലെങ്കിലും തോല്‍വി ഒഴിവാക്കിയതിന്റെ ആവേശം സന്ദര്‍ശകരുടെ മുഖത്ത് നിഴലിക്കുന്നു. ആതിഥേയരുടെ സ്ഥിതി വ്യത്യസ്തമാണ്. ജയിക്കാന്‍ സാധ്യതയുള്ള മത്സരം സമനിലയാക്കിയതിന് വിശദീകരണം നല്‍കി മടുത്തിരിക്കുകയാണ് ഗ്രെയിം സ്മിത്തും സംഘവും. ഒരു നിലക്കും ന്യായീകരിക്കാന്‍ പറ്റാത്ത സമനിലയായിട്ടാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സമൂഹം ഇതിനെ കാണുന്നത്. പുറമെയും സ്ഥിതി മറിച്ചല്ല. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നു പോലും വിമര്‍ശ സ്വരമുയര്‍ന്നിരിക്കുന്നു. ജയം ഉപേക്ഷിച്ച് സമനിലയില്‍ തൃപ്തി നേടാനുള്ള ദക്ഷിണാഫ്രിക്കന്‍ നിലപാട് അമ്പരപ്പിച്ചുവെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. തോല്‍ക്കാതിരിക്കാന്‍ ജയിക്കാതിരിക്കുകയാണ് നല്ലതെന്ന രീതിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്‌സ് നല്‍കിയ വിശദീകരണം ആര്‍ക്കും ദഹിച്ചിട്ടില്ല. കാണികള്‍ കൂക്കിവിളിച്ചതിന്റെ ഹാംഗോവര്‍ ഡെയില്‍ സ്റ്റെയിനിനെ വിട്ടൊഴിഞ്ഞിട്ടില്ലത്രെ. ഒരുതരത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പാപികളെ പോലെ നില്‍ക്കുകയാണ് സ്മിത്തും കളിക്കാരും.
രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഡര്‍ബനിലെ കിംഗ്‌സ്‌മെഡ് സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഏതു തരത്തിലുള്ള സ്വീകരണാകും നാട്ടുകാര്‍ നല്‍കുക എന്നത് പോലും ആതിഥേയ ക്യാമ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. രണ്ടാം ടെസ്റ്റില്‍ മാനസിക മേധാവിത്വം നഷ്ടമാകാതിരിക്കാനാണ് ആദ്യ ടെസ്റ്റില്‍ ജയം എന്ന റിസ്‌കിന് മുതിരാതെ ദ.ആഫ്രിക്ക സമനിലക്ക് ശ്രമിച്ചത്. അത് പക്ഷേ തിരിച്ചു കുത്തിയിരിക്കുന്നു.
ആകെ ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ പോലെയാണ് കളിക്കാരുടെ പെരുമാറ്റം. ഡെയില്‍ സ്റ്റെയിന്‍ ആകെ അസ്വസ്ഥനാണെന്ന് ഡിവില്ലേഴ്‌സ് തുറന്ന് സമ്മതിക്കുന്നു. മുഖ്യ പേസ് ബൗളറായ സ്റ്റെയിന്‍ മത്സരം സമനിലയാകുമ്പോള്‍ ക്രീസില്‍ ഫിലാണ്ടറിനൊപ്പമുണ്ടായിരുന്നു. എട്ട് റണ്‍സരികെ ദക്ഷിണാഫ്രിക്ക വിജയം കൈവിട്ടതിന്റെ മുഴുവന്‍ പഴിയും ഇവര്‍ക്കാണ്. ഒന്നാഞ്ഞടിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിക്കുന്നത്. ഇത്തരം വിമര്‍ശങ്ങള്‍ നേരിടാന്‍ സ്റ്റെയിനിന് കെല്‍പ്പില്ലെന്നാണ് ഡിവില്ലേഴ്‌സ് പറയുന്നത്.
കിംഗ്‌സ്‌മെഡിലെ ചരിത്രം ദക്ഷിണാഫ്രിക്കക്ക് അത്ര സുഖകരമല്ല. പതിമൂന്ന് ജയം, അത്ര തന്നെ തോല്‍വി, സമനിലയും പതിമൂന്ന്. അവസാനം കളിച്ച നാലിലും ഇവിടെ തോറ്റു.
ഏകദിന പരമ്പര കൈവിട്ട സ്ഥിതിക്ക് ടെസ്റ്റ് ജയിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ഇറങ്ങുക. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പകരം പ്രഗ്യാന്‍ ഓജ വന്നേക്കും. 42 ഓവറുകളില്‍ വിക്കറ്റൊന്നുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്തം കാണിച്ചത് അശ്വിന് തിരിച്ചടിയാണ്. സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിര മികവ് കണ്ടെത്തിയത് ധോണിക്ക് മുന്നില്‍ തന്ത്രങ്ങളുടെ സാധ്യത തുറക്കുന്നു.

നിരാശയായി അശ്വിന്‍

ഡര്‍ബന്‍: വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ടെസ്റ്റ് മത്സരം ഓരോ ഇന്ത്യന്‍ താരത്തിനും നിറമുള്ള ഓര്‍മയാകും. എന്നാല്‍, ഏറെ നിരാശയോടെ മാത്രം ഈ മത്സരത്തെ നോക്കിക്കാണുന്ന ഒരാള്‍ ഇന്ത്യന്‍ നിരയിലുണ്ട്. മറ്റാരുമല്ല, ടെസ്റ്റിലെ മുന്‍നിര ആള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍. അവസാന ദിനം 83 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടാതെ തിരിച്ചുകയറിയ അശ്വിന്റെ ഫോം ഔട്ടാണ് ഒരു കണക്കിന് ദക്ഷിണാഫ്രിക്കക്ക് ഗുണകരമായത്. സ്പിന്നര്‍ തിളങ്ങിയിരുന്നെങ്കില്‍ ഇന്ത്യയുടെ പേസര്‍മാരുടെ ഭാരം കുറയുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നടത്തിയ പരാമര്‍ശം അശ്വിനുള്ള ഓര്‍മപ്പെടുത്തലായിരുന്നു.
ഒരിക്കലും സഹതാരങ്ങളെ കുറ്റപ്പെടുത്താത്ത ധോണി അശ്വിനെ അമിതമായി വിമര്‍ശിക്കാന്‍ തുനിയുന്നില്ല. അതേ സമയം, പറയേണ്ടത് പറയുകയും ചെയ്തു. ടെസ്റ്റില്‍ അതിവേഗം നൂറ് വിക്കറ്റ് തികച്ച ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് അശ്വിന് സ്വന്തമാണ്.
ബൗണ്‍സും ടേണും ലഭിക്കുന്ന പിച്ചില്‍ അശ്വിന്‍ നിര്‍ഥവും അലക്ഷ്യവുമായാണ് പന്തെറിഞ്ഞത്. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ വന്നതു പോലെ. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഡാരില്‍ കുള്ളിനന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ബാറ്റ്‌സ്മാന്‍മാരെ കുഴക്കാന്‍ അശ്വിന്‍ ശ്രമിച്ചപ്പോഴെല്ലാം തിരിച്ചാക്രമിക്കപ്പെടുകയാണുണ്ടായത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അശ്വിന്റെ സ്പിന്നിനെ എത്ര അനായാസം കളിച്ചു – കുള്ളിനന്‍ പറഞ്ഞു.
ഭീഷണിയാകാന്‍ സാധിച്ചതോടെ അശ്വിന്‍ ബൗളിംഗ് ടിപ്‌സ് തേടി രവിശാസ്ത്രിയുടെ അടുത്തെത്തി. പരീക്ഷണത്തിന് മുതിരാതെ, പിച്ചും സാഹചര്യവും മനസ്സിലാക്കി സ്വതസിദ്ധ രീതിയില്‍ എറിയാനാണ് ശാസ്ത്രി ഉപദേശിച്ചു വിട്ടത്.
ഡിവില്ലേഴ്‌സും ഡു പ്ലെസിസും 205 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ അശ്വിന്‍ എന്ന വജ്രായുധം തിളക്കമറ്റ് നില്‍ക്കുന്നത് ധോണിയെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍, അശ്വിന് ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ തിളങ്ങാനാകുമെന്ന വിശ്വാസം ശാസ്ത്രിക്കുണ്ട്. പക്ഷേ, അതിന് ക്ഷമയോടെ കാത്തിരിക്കണം.