Connect with us

Wayanad

പൈതൃകോത്സവത്തില്‍ വന്‍ ജനത്തിരക്ക്

Published

|

Last Updated

പനമരം: ഗോത്ര കലകളുടെയും ആചാരങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും പരിപോഷണത്തിനുമായി പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്‌സ്, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൈതൃകോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. കരകൗശല ഉല്പന്നങ്ങള്‍ വാങ്ങുന്നതിനും ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ഭക്ഷണം കഴിക്കുന്നതിനും ചികിത്സക്കുമായി ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.
ചിലര്‍ക്ക് വംശീയ ഭക്ഷണത്തിന്റെ ചേരുവകളും തയ്യാറാക്കുന്ന രീതികളുമാണ് അറിയേണ്ടത്. തുണിത്തരങ്ങള്‍, അച്ചാറുകള്‍, പുസ്തകങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍, കാപ്പിത്തടിയില്‍ തീര്‍ത്ത മനോഹര ശില്പങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. ഔഷധക്കൂട്ടുകളിട്ട് വെള്ളം തിളപ്പിച്ച് ആവിയില്‍ കുളിക്കാനും പൈതൃകോത്സവത്തില്‍ സൗകര്യമുണ്ട്. കുളിക്കാന്‍ വരുന്നവര്‍ തോര്‍ത്തുമായി വരണമെന്ന് മാത്രം.
ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങളും ആയുധങ്ങളും പുരാവസ്തു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്.
വൈകീട്ട് നടക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും നിരവധി ആളുകള്‍ എത്തുന്നുണ്ട്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും പ്രായം ചെന്നവരുമുള്‍പ്പെടെ ജില്ലക്ക് പുറത്തുനിന്ന് പോലും ആളുകള്‍ എത്തുന്നത് പൈതൃകോത്സവത്തിന്റെ വന്‍വിജയമാണ് സൂചിപ്പിക്കുന്നത്.
യുവജനക്ഷേമ ബോര്‍ഡ്, പട്ടികജാതി-വര്‍ഗ്ഗ വകുപ്പ്, കിര്‍ത്താഡ്‌സ് എന്നിവരാണ് ഒമ്പത് ദിവസത്തെ മേളക്ക് നേതൃത്വം നല്‍കുന്നത്. പട്ടികവര്‍ഗ്ഗ യുജവനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആതിഥേയ മനസ്സോടെ മുഴുവന്‍ സമയവും പൈതൃകോത്സവത്തിന്റെ സംഘാടകയായുണ്ട്.
പൈതൃകോത്സവത്തില്‍ ഇന്ന് രാവിലെ പത്ത് മുതല്‍ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും. വൈകിട്ട് നാലിന് സെമിനാര്‍. വിഷയം “ഗോത്ര ജീവിതവും കലകളും”. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ: രാഘവന്‍ പയ്യനാട് വിഷയം അവതരിപ്പിക്കും.
കിര്‍ത്താഡ്‌സ് റിസര്‍ച്ച് ഓഫീസര്‍ വി.എസ്.സുഭാഷ് മോഡറേറ്റര്‍ ആവും. വൈകിട്ട് ഏഴിന് ഇരുള നൃത്തം -പാലക്കാട്, വിഷ്ണുമൂര്‍ത്തി തെയ്യം – കണ്ണൂര്‍, വട്ടക്കളി – വയനാട്, നാഗകാളി വെള്ളാട്ടു തിറ – കോഴിക്കോട്, പുലിപ്പാട്ട് – വയനാട് തുടങ്ങിയ പൈതൃക കലകളുടെ അവതരണവുമുണ്ടാകും.

---- facebook comment plugin here -----

Latest