ദക്ഷിണാഫ്രിക്കയില്‍ വിമാനം ‘വിമാനത്താവള’ത്തിലിടിച്ചു

Posted on: December 24, 2013 12:20 am | Last updated: December 24, 2013 at 12:28 am

benjaminjzeleeജോഹന്നാസ്ബര്‍ഗ്: 200 ഓളം യാത്രക്കാരുമായി പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനം വിമാനത്താവള ഓഫീസ് കെട്ടിടത്തിലിടിച്ചു. ആഫ്രിക്കന്‍ നഗരമായ ജോഹന്നാസ്ബര്‍ഗിലാണ് സംഭവം. ഒ ആര്‍ ടാമ്പോ വിമാനത്താവളത്തില്‍നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയരുമ്പോള്‍ ഇടതു വശത്തെ ചിറക് കെട്ടിടത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന് പുറത്തുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് വിമാനത്താവള വക്താക്കള്‍ അറിയിച്ചു.
ബോയിംഗ് 747 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കണ്‍ട്രോളര്‍ ടവറില്‍നിന്നും ലഭിച്ച നിര്‍ദേശത്തിന് വിരുദ്ധമായി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യോമഗതാഗതവകുപ്പ് വ്യക്തമാക്കി. അപകടത്തില്‍ വിമാനത്തിലുള്ളവര്‍ സരുക്ഷിതരാണെന്നും ഗ്രൗണ്ടിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പയലറ്റ് തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.