Connect with us

Kerala

ബസ്ചാര്‍ജ് വര്‍ധന: ശിപാര്‍ശ തള്ളണം- എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു. ചാര്‍ജ് വര്‍ധനമൂലം അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യതയും വിലക്കയറ്റവും കൊണ്ട് പ്രതിസന്ധിയിലായ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകും. സ്വകാര്യ ബസുടമകളുടെ താത്പര്യത്തിന് വഴങ്ങി ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിക്കുന്നതിനു മുമ്പ് ജനങ്ങളുടെ ജീവിതാവസ്ഥ പഠനവിധേയമാക്കാന്‍ സമിതി തയ്യാറാകേണ്ടതായിരുന്നു.
കെ എസ് ആര്‍ ടി സിയെ സാമ്പത്തിക പ്രയാസത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് കൂടിയാണ് ഇങ്ങനെയൊരു നിര്‍ദേശമെന്നറിയുന്നു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്ക് ജനം പിഴയൊടുക്കണമെന്ന് പറയുന്നത് നീതീകരിക്കാനാകില്ല. ബസുടമകളെ സന്തോഷിപ്പിക്കുന്നതിന് തുടരെത്തുടരെ ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വില്‍പ്പന നികുതി പുനഃസ്ഥാപിച്ചുകൊണ്ട് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിന് പിറകെയാണ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനും നീക്കമുണ്ടായിരിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയരണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍ സംബന്ധിച്ചു.

Latest