സ്‌കൂള്‍ യൂനിഫോം: എട്ട് കമ്പനികളെ തിരഞ്ഞെടുത്ത് വിജ്ഞാപനമിറക്കി

Posted on: December 20, 2013 6:00 am | Last updated: December 20, 2013 at 12:04 am

തിരുവനന്തപുരം: ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം വിതരണത്തിനായി എട്ട് കമ്പനികളെ വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. മഫത്‌ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(അഹമ്മദാബാദ്), സുസുക്കി ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്(രാജസ്ഥാന്‍), അലോക് ഇന്‍ഡസ്ട്രീസ്(മുംബൈ), ബന്‍സ്വാര സിന്റെക്‌സ് ലിമിറ്റഡ്(രാജസ്ഥാന്‍) എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ്(മുംബൈ) സംഘം(ഇന്ത്യ) ലിമിറ്റഡ്(രാജസ്ഥാന്‍), ആര്‍ എസ് ഡബ്ല്യു എം, ബില്‍വാര ടവേഴ്‌സ് (ഉത്തര്‍പ്രദേശ്) നാഷനല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ന്യൂഡല്‍ഹി) എന്നീ കമ്പനികളെയാണ് തിരഞ്ഞെടുത്തത്.
ചില നിബന്ധനകള്‍ക്ക് വിധേയമായി സ്‌കൂള്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ക്കും പി ടി എകള്‍ക്കും യൂനിഫോം തുണിത്തരങ്ങള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാം.
തുണിത്തരങ്ങള്‍ വാങ്ങുന്നത് കമ്പനികള്‍ നിര്‍ദേശിച്ചിട്ടുളള വിലകളില്‍ താഴെയായിരിക്കണം. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന തുണിത്തരങ്ങള്‍ മുന്‍ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.