Connect with us

Wayanad

കല്‍പറ്റ ബൈപാസിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍; ഉദ്ഘാടനം ജനുവരി 10ന്

Published

|

Last Updated

കല്‍പറ്റ: രണ്ടരപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ കല്‍പറ്റ ബൈപാസ് യാഥാര്‍ഥ്യമാകുന്നു. ബൈപാസ് റോഡിന്റെ അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനുവരി പത്തിന് ബൈപാസ് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കും.
പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കല്‍പറ്റ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് തുറക്കുന്നത് കാത്തിരിക്കുയാണ് കല്‍പറ്റയിലെയും വയനാട്ടിലെയും ജനങ്ങള്‍.
കല്‍പറ്റ ടൗണില്‍ മേപ്പാടി റോഡിലെ ട്രാഫിക് ജംഗ്ഷന് സമീപം മുതല്‍ ദേശീയപാതയില്‍ കൈനാട്ടിക്ക് സമീപം വരെയാണ് 3.77 കിലോമീറ്റര്‍ നീളമുള്ള ബൈപാസ്. 1987ല്‍ ബൈപാസ് റോഡിന് സ്ഥലമേറ്റെടുത്തെങ്കിലും 1990ല്‍ മാത്രമാണ് ഫണ്ട് അനുവദിച്ചത്. ദേശീയപാത അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയെങ്കിലും പിന്നീട് പല വിധ കാരണങ്ങളാല്‍ ബൈപാസ് നിര്‍മാണം തടസപ്പെടുകയായിരുന്നു.
രണ്ടുകരാറുകാര്‍ നിര്‍മാണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്പാണ് വീണ്ടും ബൈപാസ് നിര്‍മാണത്തിന് ജീവന്‍ വച്ചത്. പേരാവൂരിലെ കെകെ കണ്‍സ്ട്രക്ഷന്‍സാണ് ഇപ്പോള്‍ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്പളക്കാടുമുതല്‍ കൈനാട്ടിവരെയുള്ള മാനന്തവാടി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതേ കമ്പനിയാണ് ഏറ്റെടുത്തിരുന്നത്.
കല്‍പറ്റ നഗരസഭയില്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറ്റതോടെയാണ് ബൈപാസ് നിര്‍മാണം പുനരാരംഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ 15 കോടിയോളം രൂപ കല്പറ്റ ബൈപാസിന് അനുവദിച്ചിരുന്നു.
3.77 കിലോമീറ്റര്‍ റോഡില്‍ 510 മീറ്റര്‍ ദൂരം ആര്‍സിസി കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ഈ ഭാഗത്തിന്റെ നിര്‍മാണം കഴിഞ്ഞെങ്കിലും ഏതാനും ദിവസം വെള്ളം നനച്ച് സെറ്റാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. റോഡിന് ഇരുവശത്തും ഷോള്‍ഡര്‍ പാവ്‌മെന്റ് നിര്‍മിക്കുന്ന പണിയും ഏതാണ്ട് പൂര്‍ത്തിയായി.
റോഡിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുനീക്കി കയറ്റം കുറച്ച് റോഡ് നിര്‍മിക്കേണ്ടി വന്നതിനാലാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ താമസം നേരിട്ടതെന്ന് കരാറുകാര്‍ പറഞ്ഞു. കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ പോകേണ്ട ബൈപാസില്‍ കുത്തനെയുള്ള കയറ്റങ്ങളുണ്ടെങ്കില്‍ ബൈപാസിന്റെ പ്രയോജനം ലഭിക്കില്ലെന്നതിനാല്‍ കല്ല് പൊട്ടിച്ചുമാറ്റി കയറ്റം കുറച്ചിട്ടുണ്ട്.
ദേശീയപാതയിലൂടെ പോകുന്ന ചരക്കുവാഹനങ്ങള്‍ക്കും കല്പറ്റ നഗരത്തില്‍ വരേണ്ടതില്ലാത്ത ദീര്‍ഘദൂര യാത്രക്കാര്‍ക്കും അടുത്ത മാസം മുതല്‍ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ബൈപാസിലൂടെ കടന്നുപോകാം.