ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്ന് ഡോ. തോമസ് ഐസക്‌

Posted on: December 12, 2013 12:44 am | Last updated: December 12, 2013 at 12:44 am

കോട്ടയം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമായി റബ്ബറിന്റെ മുല്യവര്‍ധിത നികുതി ഒഴിവാക്കാന്‍ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് തോമസ് ഐസക് എം എല്‍ എ. റബ്ബറിന്റെ വിലയിടിക്കാനുള്ള സംഘടിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളില്‍ നിന്ന് വസ്തുത സര്‍ക്കാര്‍ മറച്ചു വെക്കുകയാണ്. ഇപ്പോള്‍ രാജ്യത്ത് കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. റബ്ബറിന്റെ തീരുവ കുറച്ച് ചെറുകിട റബ്ബര്‍ മേഖലക്ക് തകര്‍ച്ച ഉണ്ടാകും. ഊഹക്കച്ചവടമാണ് റബ്ബറിന്റെ വിലത്തകര്‍ച്ചക്ക് കാരണം. വന്‍കിട വ്യവസായികള്‍ ഊഹക്കച്ചവടം സംഘടിതമായി നടത്തുകയാണ്. ഊഹക്കച്ചവടക്കാരാണ് റബ്ബറിന്റെ ഇപ്പോഴത്തെ വില നിശ്ചയിക്കുന്നത്. വിലനിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. റബ്ബര്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കണം. തീരുവ വെട്ടിക്കുറച്ചത് തിരുത്താനും സര്‍ക്കാര്‍ തയ്യാറാകണം.
നിലവില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നികുതി പിരിവ് ഇല്ലാത്തതാണ്. ഈ വര്‍ഷം സംസ്ഥാനത്തെ നികുതി 11 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറില്‍ തുടരണോ വേണ്ടയോ എന്ന് കെ എം മാണി തീരുമാനിക്കണം. പള്ളിക്കാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള അകല്‍ച്ച കുറക്കണമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.