Connect with us

Gulf

ട്രേഡ് സെന്റര്‍ പാലം തുറന്നു; കുരുക്കഴിഞ്ഞു

Published

|

Last Updated

ദുബൈ: ട്രേഡ് സെന്റര്‍ പാലം തുറന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി. മക്തൂം പാലം, കറാമ, അല്‍ ഐന്‍ റോഡ്, സബീല്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് കുറഞ്ഞു. പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 71.93 കോടി ദിര്‍ഹമാണ് ചെലവ് ചെയ്തത്.
വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം നടപ്പാലവും പണിതു. 92 മീറ്റര്‍ നീളത്തിലാണ് നടപ്പാലം. ഒരേസമയം നിരവധി പേര്‍ക്ക് ട്രേഡ് സെന്ററിലേക്ക് എത്താന്‍ കഴിയും. ട്രേഡ് സെന്ററിനു സമീപമുള്ള അല്‍ ഖൈല്‍ റോഡില്‍ നിന്നും ശൈഖ് റാശിദ് റോഡിലേക്ക് നേരിട്ടുള്ള പാലമാണ് ട്രേഡ് സെന്റര്‍ പാലം. ഗര്‍ഹൂദ്, മക്തൂം പാലങ്ങളിലേക്കും ഊദ് മേത്ത റോഡിലേക്കും വഴി തീര്‍ത്തിട്ടുണ്ട്. ബുര്‍ജ് ഖലീഫ മേഖലയിലേക്ക് എളുപ്പം എത്താനുള്ള സാഹചര്യമൊരുങ്ങി.
സമാന്തര റോഡ് പദ്ധതികളിലെ ഏറ്റവും വലിയ പദ്ധതികളായിരുന്നു ഇത്. ദുബൈ-അല്‍ ഐന്‍ റോഡിലേക്കും എളുപ്പവഴിയായി. പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സംവിധാനം ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. 22 പാലങ്ങള്‍ ഘടിപ്പിച്ചു. 4250 മീറ്ററില്‍ രണ്ട് വരികളാണ് ഓരോ ഭാഗത്തേക്കുമുള്ളത്. ജബല്‍ അലി ഫ്രീസോണ്‍ ഭാഗത്തും സമാന്തര പാലം പദ്ധതികള്‍ പൂര്‍ത്തിയാക്കി. 2011ല്‍ ജബല്‍ അലി റേസ് കോഴ്‌സ്, എമിറേറ്റ്‌സ് ഹില്‍സ്, സ്പ്രിംഗ്‌സ്, മിഡോസ് തുടങ്ങിയ സ്ഥലങ്ങളിലും റോഡുകള്‍ നിര്‍മിച്ചു. ജുമൈറ ലേക് ടവേഴ്‌സില്‍ മൂന്നാം ഘട്ടം നിര്‍മാണം ആരംഭിച്ചുവെന്നും 45 കോടി ദിര്‍ഹം ചെലവ് ചെയ്യുന്നുണ്ടെന്നും മത്താര്‍ അല്‍ തായര്‍ അറിയിച്ചു.