അവിസ്മരണിയം ഈ അനുസ്മരണം

Posted on: December 11, 2013 5:37 am | Last updated: December 11, 2013 at 12:37 am

article-2521216-19FFEA2000000578-873_964x616ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നൂറ് കണക്കിന് ലോക നേതാക്കള്‍ ജോഹന്നാസ്ബര്‍ഗിലെ എഫ് എന്‍ ബി സ്റ്റേഡിയത്തിലെത്തി. നാടിന്റെ വിമോചന നായകന് ദക്ഷിണാഫ്രിക്കയില്‍ ചരിത്ര യാത്രയയപ്പാണ് നല്‍കുന്നത്. നാല് സ്റ്റേഡിയങ്ങളിലായി പതിനായിരക്കണക്കിന് ജനങ്ങളാണ് മാഡിബയെ യാത്രയയക്കാനെത്തിയത്. കനത്ത മഴയെ അവഗണിച്ചും സ്റ്റേഡിയങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ഞായറാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങിന് മുന്നോടിയായാണ് അനുസ്മരണം. സമീപ കാലത്തൊന്നും ഇത്തരത്തിലൊരു അനുസ്മരണ യോഗമോ പ്രാര്‍ഥനാ സംഗമമോ ലോകത്ത് തന്നെ ഉണ്ടായിട്ടില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മണ്ടേലയുടെ ജന്മനാടായ ക്വുനുവിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
91 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് രാഷ്ട്ര ഭരണത്തലവന്മാര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. മറ്റ് 83 രാജ്യങ്ങളും തങ്ങളുടെ ഉന്നതതല പ്രതിനിധികളെ അയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രപതി പ്രാണബ് മുഖര്‍ജി, യു പി എ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തുടങ്ങിയ നേതാക്കള്‍ക്ക് പുറമെ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍ എന്നിവരടക്കം മുന്‍ രാഷ്ട്ര തലവന്‍മാരായ പത്ത് പേരും മഹാസംഗമത്തിലെത്തി.
മണ്ടേലയെ മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍, എബ്രഹാം ലിങ്കന്‍ എന്നി നേതാക്കളുമായി ഉപമിച്ചാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ പ്രസംഗം ആരംഭിച്ചത്. അസമത്വത്തിനും ദാരിദ്രത്തിനും വര്‍ഗ വിവേചനത്തിനുമെതിരെ പോരാടി മണ്ടേലയുടെ പാത പിന്‍പറ്റണമെന്ന് ഒബാമ ആവശ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ വിമോചക നേതാവാണ് മണ്ടേലയെന്നും പ്രസിഡന്റെന്ന നിലക്കും മനുഷ്യനെന്ന നിലക്കും മണ്ടേലയുടെ ജീവിത പാഠങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. പ്രസംഗ പീഠത്തിലേക്ക് പോകവെ ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും തമ്മില്‍ ഹസ്തദാനം ചെയ്തു.
അര നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ക്യൂബന്‍ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ ഇത്തരത്തില്‍ ഹസ്തദാനം പോലും ചെയ്യുന്നത്. നെല്‍സണ്‍ മണ്ടേലയുടെ അവസാന പൊതുവേദിയാണ് അനുസ്മരണ സമ്മേളനം നടക്കുന്ന എഫ് എന്‍ ബി സ്റ്റേഡിയം. ഇവിടെ നടന്നിരുന്ന 2010ലെ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ മണ്ടേല എത്തിയിരുന്നു. വിപ്ലവാത്മക സമരങ്ങളുടെയും വ്യക്തി പ്രഭാവത്തിന്റെയും ആത്യന്തികമായ പ്രതീകമാണ് മണ്ടേലയെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി.