‘ഇന്ത്യയുമായുള്ള ബന്ധത്തെ യു എ ഇ വിലമതിക്കുന്നു’

Posted on: December 9, 2013 7:45 pm | Last updated: December 9, 2013 at 7:45 pm

ദുബൈ: ഇന്ത്യയുമായുള്ള ബന്ധത്തെ യു എ ഇ ഏറെ വിലമതിക്കുന്നുവെന്ന് ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റിലേക്ക് സ്ഥലം മാറിപ്പോകുന്നതിനാല്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ ബി പി സി) നല്‍കിയ യാത്രയപ്പിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെയാണ് യു എ ഇ വിട്ടുപോകുന്നത്. ഇവിടത്തെ ഭരണകൂടവും ഇന്ത്യന്‍ സമൂഹവും നല്‍കിയ സ്‌നേഹവും പരിഗണനയും കാരണം ഇവിടം വിട്ടുപോകാന്‍ മനസുണ്ടായിട്ടല്ല. പക്ഷേ. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിക്കുകയാണ്. ഇവിടെ ചുമതലയേല്‍ക്കാന്‍ വന്നപ്പോള്‍ തന്നെ മറ്റു സ്ഥാനപതിമാര്‍ക്കു കിട്ടുന്നതിനേക്കാള്‍ പരിഗണന, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഭാഗത്തു നിന്ന് തനിക്ക് ലഭിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദിനു മുമ്പാകെ ആദ്യം നിയമന ഉത്തരവ് നല്‍കിയപ്പോഴായിരുന്നു അത്. നിയമന ഔദ്യോഗിക ചടങ്ങുകള്‍ തീര്‍ക്കാന്‍ വേറെയും രാജ്യങ്ങളിലെ സ്ഥാനപതിമാരുണ്ടായിരുന്നു. പക്ഷേ, ശൈഖ് മുഹമ്മദ് കാണാന്‍ ആഗ്രഹിച്ചത് തന്നെ മാത്രം. ഇന്ത്യയുമായുള്ള ബന്ധം ഏറെ വിലമതിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം യാത്ര പറയാന്‍ ചെന്നപ്പോഴും ഹൃദയത്തില്‍ തട്ടിയാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. ഇന്ത്യ-യു എ ഇ ബന്ധം മെച്ചപ്പെടുത്താന്‍ താങ്കള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും ഇവിടെ നിന്ന് സ്ഥലം മാറിപ്പോകുന്നത് യു എ ഇക്ക് നഷ്ടമാണെന്നും പറഞ്ഞു.
ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ യു എ ഇയില്‍ എത്തിയതടക്കം നിരവധി നയതന്ത്ര ബന്ധങ്ങള്‍ തന്റെ കാലയളവില്‍ സംഭവിച്ചു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പലതവണ ഇന്ത്യ സന്ദര്‍ശിച്ചു. ഏതാനും ദിവസത്തിനകം അദ്ദേഹം വീണ്ടും പോകും. ഇന്ത്യ-യു എ ഇ ഉഭയകക്ഷി സംരക്ഷണ കരാര്‍ ഒപ്പുവെക്കാനാണത്. ഒരുതവണ അദ്ദേഹം പറഞ്ഞത്, പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഇന്ത്യയെ പ്രിയപ്പെട്ട രാജ്യമായി കണ്ടിരുന്നുവെന്നാണ്. നൂറ്റാണ്ടുകളായി യു എ ഇ വിശിഷ്ട ബന്ധം പുലര്‍ത്തുന്ന ഏക രാജ്യം ഇന്ത്യയാണെന്ന്, കുഞ്ഞുനാളിലേ പഠിച്ചിട്ടുണ്ടെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. ഇതൊക്കെ വലിയ അംഗീകാരങ്ങളാണ്.
ഇന്ത്യയും യു എ ഇയും തമ്മിലെ വാണിജ്യ ബന്ധം ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നു. യു എ ഇ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇവിടുത്തെ ജനതയും ഇന്ത്യന്‍ ജനതയും വലിയ സാഹോദര്യം പുലര്‍ത്തുന്നുവെന്നും എം കെ ലോകേഷ് പറഞ്ഞു.
ഐ ബി പി സി പ്രസിഡന്റ് പരസ് ശഹ്ദാദ്പുരി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറല്‍ നവീന്‍ കപൂര്‍, വൈസ് പ്രസിഡന്റ് ഡോ. ജി എം ബജ്‌പൈ സംസാരിച്ചു. ഡോ. ആസാദ് മൂപ്പന്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, കെ വി ശംസുദ്ദീന്‍, എന്‍ പി രാമചന്ദ്രന്‍ സംബന്ധിച്ചു.