പരപ്പനങ്ങാടി ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ടിന് 30 കോടിയുടെ ഭരണാനുമതി

Posted on: December 8, 2013 6:58 am | Last updated: December 8, 2013 at 6:58 am

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പരപ്പനങ്ങാടിയില്‍ സ്ഥാപിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സമുച്ചയമായ എല്‍ ബി എസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് 130 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാനത്തെ ശ്രദ്ധേയമായ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായി വിഭാവനം ചെയ്യപ്പെടുന്ന ഐ ഐ എസ് ടിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജിനായി 39.65 കോടി രൂപയും പോളിടെക്‌നിക് കോളജിന് 19.65 കോടി രൂപയും അപ്ലൈഡ് സയന്‍സ് കോളജിന് 7.65 കോടി രൂപയും എല്‍ ബി എസ് സബ് സെന്ററുകള്‍ക്ക് 2.65 കോടി രൂപയും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടെസ്റ്റിംഗ് സെന്ററിന് 2.05 കോടി രൂപയും പൊതു സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിന് 20.75 കോടി രൂപയും സ്ഥലമെടുപ്പിനാവശ്യമായ തുകയും അടക്കമാണ് 130 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയില്‍ പൊതുവായും പിന്നാക്ക മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രത്യേകമായും ഏറെ ഗുണകരമായ എല്‍ ബി എസ് ഐ ഐ എസ് ടിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.