Connect with us

Gulf

നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള ചിത്രം ദുബൈ ചലച്ചിത്രോത്സവത്തില്‍

Published

|

Last Updated

ദുബൈ: ആഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തെ ആധാരമാക്കിയുള്ള, മണ്ടേല: ലോംഗ് വാക് ടു ഫ്രീഡം (മണ്ടേല: സ്വാതന്ത്ര്യത്തിലേക്ക് ദീര്‍ഘയാത്ര) എന്ന സിനിമ ദുബൈ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷുകാരനായ ജസ്റ്റിന്‍ ചാഡ്‌വിക്കാണ് സംവിധായകന്‍.
147 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയില്‍ മണ്ടേലയുടെ കുട്ടിക്കാലം മുതല്‍, ദക്ഷിണാഫ്രിക്കയുടെ പരമോന്നത പദവിയില്‍ എത്തുന്നതുവരെയുള്ള ജീവിതം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ബോക്‌സിംഗ് ആസ്വാദകനായ, പോരാട്ടവീര്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മണ്ടേലയെ അവതരിപ്പിക്കുന്നത് ഇദ്‌രിസ് എല്‍ബയാണ്. ഇന്ത്യക്കാരനായ ആനന്ദ് സിംഗാണ് നിര്‍മാതാവ്.
ഡിസം. 10 (ചൊവ്വ) രാത്രി 8.30ന് മദീനാ അറീനയിലാണ് പ്രദര്‍ശനം. മധ്യപൗരസ്ത്യദേശത്ത് ആദ്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് (ശനി) മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഉച്ചക്ക് രണ്ടിന് ദക്ഷിണാഫ്രിക്കന്‍ ചിത്രമായ ഡര്‍ബന്‍ പോയിസണ്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണാഫ്രിക്കന്‍ നഗരം പശ്ചാത്തലമായുള്ള കുറ്റാന്വേഷണമാണ് പ്രമേയം. നാളെ രാത്രി 8.45ന് മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ മലയാള ചിത്രമായ സ്വപ്‌നം പ്രദര്‍ശിപ്പിക്കും.
പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ഡിഫില്‍ പ്രദര്‍ശിപ്പിക്കുന്നത് 57 രാജ്യങ്ങളില്‍നിന്നുള്ള 174 സിനിമകള്‍. ജയറാം നായകനായ ഷാജി എന്‍. കരുണ്‍ ചിത്രമായ സ്വപാനമാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക മലയാള ചിത്രം. ജയറാമിനു പുറമേ ഇന്ത്യയില്‍നിന്ന് ശേഖര്‍കപൂര്‍, ഇര്‍ഫാന്‍ഖാന്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര, അര്‍ജുന്‍ കപൂര്‍, ജാവേദ് ജെഫ്രി, അര്‍ജുന്‍ രാംപാല്‍, രാഹുല്‍ബോസ് എന്നിവരും എത്തുന്നുണ്ട്. പലസ്തീന്‍ സംവിധായകന്‍ അബു ആസാദിന്റെ ഉമര്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു. 43 ഭാഷകളിലായി 70 വേള്‍ഡ് പ്രീമിയറുകള്‍, നൂറിലേറെ അറബ് ചിത്രങ്ങള്‍ എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. പ്രദര്‍ശിപ്പിക്കുന്നതില്‍ 40 ശതമാനവും വനിതാ സംവിധായകരുടെ ചിത്രങ്ങള്‍. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ഹോളിവുഡ് താരം മാര്‍ട്ടിന്‍ ഷീന്‍, അറബ് വിഭാഗത്തില്‍ സാമിര്‍ ഫരീദ് (ഈജിപ്ത്) എന്നിവര്‍ക്കു സമ്മാനിക്കും. മദീനത്ത് ജുമൈറ അറീന, മദീനത്ത് തിയറ്റര്‍, സൂഖ് മദീനത്ത് ജുമൈറ, വോക്‌സ് സിനിമാസ്, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണു പ്രദര്‍ശനം.
ഇന്നലെ ദുബൈ ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കമായി. മണ്ടേലയെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടികള്‍ തുടങ്ങിയത്.
ക്രിസ്ബക്, ജെന്നിഫര്‍ ലീ എന്നിവര്‍ സംവിധാനം ചെയ്ത ഫ്രോസന്‍, അക്കാദമി അവാര്‍ഡ് ജേതാക്കളായ കേറ്റ് വിന്‍സ്‌ലെറ്റ്, ജോഷ് ബ്രോലിന്‍ എന്നിവര്‍ അഭിനയിച്ച ലേബര്‍ഡേ, 12 ഇയേഴ്‌സ് ഓഫ് എ സ്‌ലേവ്, ഫാക്ടറി ഗേള്‍, ഫ്രൂട്‌വെയ്ല്‍ സ്‌റ്റേഷന്‍, ദ് സീക്രട് ലൈഫ് ഓഫ് വാള്‍ട്ടര്‍മിറ്റി, മണ്ഡേല: ലോങ് വാക് ടുഫ്രീഡം, സേവിങ് മിസ്റ്റര്‍ ബാങ്ക്‌സ്, ഔട് ഓഫ് ദ് ഫര്‍ണസ്, ത്രിമാന ചിത്രമായ വോക്കിങ് വിത് ദിനോസര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണു മദീനത്ത് ജുമൈറയില്‍ നടന്നുവന്നത്. കലാപരിപാടികള്‍ക്കായി കൂറ്റന്‍ സ്‌റ്റേജ് ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest