മൊബൈല്‍ ടവര്‍ റേഡിയേഷന്‍ അര്‍ബുദമുണ്ടാക്കുന്നില്ലെന്ന് വിദഗ്ധര്‍

Posted on: December 1, 2013 8:19 am | Last updated: December 1, 2013 at 8:19 am

mobile_towerകൊച്ചി: മൊബൈല്‍ ഫോണുകളുടെ ഉപയോഗം ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി) യുടെ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഗ്രൂപ്പ് (ഇ സി എച്ച് ജി) അഭിപ്രായപ്പെട്ടു. ‘മൊബൈല്‍ ടവറുകള്‍ കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി കൊച്ചി ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ മൊബൈല്‍ ഫോണുകളും ടവറുകളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായി ഡോ. പി രാമകൃഷ്ണ അഭിപ്രായപ്പെട്ടു.
മൊബൈല്‍ ഫോണുകളില്‍ നിന്നും ടവറുകളില്‍ നിന്നുമുള്ള വികിരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ പങ്കുവെക്കുകയും അനാവശ്യ ഭീതി അകറ്റുകയും ചെയ്യണമെന്ന് ഐ എ പി-ഇ സി എച്ച് ജി അംഗങ്ങള്‍ തീരുമാനിച്ചതെന്ന് ദേശീയ സെക്രട്ടറി ഡോ. ആര്‍ രമേഷ്‌കുമാര്‍ പറഞ്ഞു. മൊബൈല്‍ ടവര്‍ റേഡിയേഷന്‍ അര്‍ബുദമോ അതുപോലുള്ള മറ്റു രോഗങ്ങളോ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു. റേഡിയോ ഫ്രീക്വന്‍സി രംഗങ്ങള്‍ വൈദ്യുത കാന്തിക ഫീല്‍ഡുകളാണ്. എക്‌സ്‌റേയും ഗാമാ റേയും പോലെ അയണൈസിംഗ് റേഡിയേഷന്‍ അല്ല. അതിനാല്‍ അവക്ക് കെമിക്കല്‍ ബോണ്ടുകള്‍ തകര്‍ത്ത് മനുഷ്യശരീരത്തില്‍ അയണൈസേഷന്‍ ഉണ്ടാക്കാന്‍ സാധിക്കില്ല.
ഉത്തരവാദിത്വ രഹിതമായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സമൂഹത്തില്‍ കുട്ടികളുടെ പെരുമാറ്റത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിലെ ആസ്ത്മയുടെ വര്‍ധനവില്‍ ജനിതക, പരിസ്ഥിതി ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ അടുത്ത കാലത്തുവന്ന മാറ്റങ്ങളും ആസ്ത്മ കൂടുതലായി കണ്ടുവരാനിടയാക്കിയിട്ടുണ്ടെന്നും ഡോ. ആര്‍. രമേഷ്‌കുമാര്‍ പറഞ്ഞു.