Connect with us

Ongoing News

ജില്ലാ കേരളോത്സവം ഇന്ന് തുടങ്ങും

Published

|

Last Updated

കല്‍പറ്റ: ജില്ലാ കേരളോത്സവം ഇന്ന് മുതല്‍ മൂന്ന് ദിവസം ജില്ലയില്‍ നടക്കും. കലാകായിക മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് കല്‍പ്പറ്റ അമ്പിലേരി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ കേരളോത്സവത്തിന് തുടക്കമാകും. മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍ എ യും ഡിസംബര്‍ ഒന്നിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഐ സി ബാലകൃഷ്ണന്‍ എം എല്‍എയും ഉദ്ഘാടനം ചെയ്യും.
മുണ്ടേരി ജി വി എച്ച് എസ്എസില്‍ കലാമത്സരങ്ങളായ പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, പെയിന്റിംഗ്, ഉപന്യാസം, കഥാരചന, കവിതാ രചന എന്നിവ 29 നും ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, നാടോടി നൃത്തം, തിരുവാതിര, ലളിതഗാനം, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, കഥകളിപദം , നാടോടിപ്പാട്ട്, ചെണ്ട, വള്ളംകളിപാട്ട്, സംഘഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങള്‍ 30 നും നടക്കും.
ഡിസംബര്‍ ഒന്നിന് മാപ്പിളപ്പാട്ട്, കവിതാലാപനം, പ്രസംഗം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, കോല്‍ക്കളി, വട്ടപ്പാട്ട്, ഒപ്പന, മൈമിംഗ്, നാടകം എന്നിവയും നടക്കും.
കായിക മത്സരങ്ങള്‍ നവംബര്‍ 27 ന് മുട്ടില്‍ ഡബ്ല്യു എം ഒ കോളജ് മുട്ടിലില്‍ ഫുട്‌ബോള്‍ മത്സരങ്ങളും 28ന് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ വോളിബോള്‍, മുള്ളന്‍ക്കൊല്ലി സെന്റ്‌മേരീസ് എച്ച് എസ് എസില്‍ ബാസ്‌ക്കറ്റ്ബാള്‍, മുട്ടില്‍ ഡബ്ല്യു എം ഒ കോളജില്‍ ക്രിക്കറ്റ്, ബത്തേരി കടമാഞ്ചിറയില്‍ നീന്തല്‍ മത്സരങ്ങളും 29 ന് പുല്‍പ്പള്ളി ആര്‍ച്ചറി സ്റ്റേഡിയത്തില്‍ അമ്പെയത്ത്, ഡബ്ല്യു എം ഒ കോളജ് മുട്ടിലില്‍ അത്‌ലറ്റിക്‌സ്, 30 ന് കമ്പളക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റല്‍, ഡിസംബര്‍ ഒന്നിന് മുണ്ടേരി ജി വി എച്ച് എസ് എസില്‍ പഞ്ചഗുസ്തി, കളരിപ്പയറ്റ്, വടംവലി, കബനി തുടങ്ങിയ മത്സരങ്ങളും നടക്കും.
മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ആലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അനില്‍കുമാര്‍, സി അബ്ദുല്‍ അഷ്‌റഫ്, വത്സാചാക്കോ, എ എസ് വിജയ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സബ് കലക്ടര്‍ വീണ എന്‍ മാധവന്‍ സമ്മാനദാനം നിര്‍വഹിക്കും.