ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി; രാജ്യത്തെ ആദ്യ നിലയം തിരുവനന്തപുരത്ത്‌

Posted on: November 25, 2013 6:00 am | Last updated: November 25, 2013 at 12:27 am

chakiriതിരുവനന്തപുരം: ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള രാജ്യത്തെ ആദ്യ നിലയം തിരുവനന്തപുരത്ത് വരുന്നു. പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന് ചകിരിച്ചോറ് ഉപയുക്തമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കയര്‍ ബോര്‍ഡിന്റെ തീരുമാനം. 10 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 50 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
താഴ്ന്ന സ്ഥലങ്ങള്‍ നികത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തല്‍, കേരളത്തിന്റെ കായലോരങ്ങളില്‍ ചകിരിച്ചോറ് മാലിന്യമായി കുമിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ചകിരിച്ചോറ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന 10 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനവുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി ബാലചന്ദ്രന്‍ പറഞ്ഞു.
ഈര്‍പ്പം നീക്കം ചെയ്ത ശേഷമാണ് വൈദ്യുതോത്പാദനത്തിനായി ചകിരിച്ചോറ് ഉപയോഗിക്കുക. ഇതിനുള്ള പ്രത്യേക ഡ്രൈയറിന് പേറ്റന്റുള്ളത് മുംബൈ കമ്പനിക്കാണ്. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വികസന വിഭാഗമാണ് ചകിരിച്ചോറില്‍ നിന്നുള്ള വൈദ്യുതോത്പാദനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ചകിരിച്ചോറിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ തൊണ്ട് ശേഖരിക്കുന്നതിനുള്ള പദ്ധതിക്ക് കയര്‍ ബോര്‍ഡ് രൂപം നല്‍കും. കയര്‍ ഫാക്ടറികളാണ് കയര്‍ ഉത്പാദനത്തിനുശേഷം ഉപയോഗശൂന്യമായ വസ്തുവെന്ന നിലയില്‍ ചകിരിച്ചോറ് പുറന്തള്ളുന്നത്. തൊണ്ടിന്റെ 30 ശതമാനം മാത്രമാണ് കയറാക്കി മാറ്റാനാകുന്നത്. കയര്‍ ബോര്‍ഡിന്റെ ട്രാക്ടറുകള്‍ തെങ്ങുകൃഷിയുള്ള വീട്ടുപരിസരങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും സഞ്ചരിച്ച് തൊണ്ട് ശേഖരിക്കും. സംസ്ഥാനത്തെ കയര്‍ മേഖലക്ക് പുത്തനുണര്‍വേകാന്‍ പദ്ധതിയിലൂടെ സാധിക്കും. കയര്‍ മേഖലക്കാവശ്യമായ തൊണ്ട് കണ്ടെത്താന്‍പോലും സമീപകാലത്ത് തമിഴ്‌നാടിനെയാണ് കേരളം ആശ്രയിക്കുന്നത്.
കയര്‍ നാരുകളെ മറ്റ് സ്വാഭാവിക നാരുകളായ സില്‍ക്ക്, ചണം തുടങ്ങിയവയുമായി ചേര്‍ത്ത് പ്രത്യേകയിനം തുണി ഉണ്ടാക്കുന്നതിന് സില്‍ക്ക് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കയര്‍ ബോര്‍ഡ് പുതിയ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ തുണി ഉപയോഗിച്ച് കര്‍ട്ടനുകളും മറ്റ് ഫര്‍ണിഷിംഗ് വസ്തുക്കളും ഉണ്ടാക്കാനാണ് പദ്ധതി.