Connect with us

Wayanad

കുരുമുളക് കൃഷി: പ്രതിരോധശേഷിയുള്ള തൈകള്‍ ലഭ്യമാക്കാന്‍ ആറ് കോടിയുടെ പദ്ധതി

Published

|

Last Updated

കല്‍പറ്റ: രോഗ,കീട പ്രതിരോധശേഷിയുള്ള കുരുമുളകു വള്ളികളും തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം(ആര്‍.എ.ആര്‍.എസ്) പദ്ധതി തയാറാക്കി.

കുരുമുളകുകൃഷിയില്‍ വയനാടിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ആറ് കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം വൈകാതെയുണ്ടാകുമെന്ന് ആര്‍ എ ആര്‍ എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
അത്യുത്പാദനശേഷിയും കീട,രോഗ ബാധയേല്‍ക്കാത്തതുമായ വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും ടിഷ്യൂകള്‍ച്ചര്‍ ചെയ്ത തൈകളും ആര്‍ എ ആര്‍ എസില്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചിട്ടുണ്ട്. ഇവ അടുത്തവര്‍ഷം മുതല്‍ നേരിട്ടും കൃഷി വകുപ്പ് മുഖേനയും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. രണ്ട് പതിറ്റാണ്ടുമുന്‍പ് വരെ രാജ്യത്ത് കുരുമുളകുകൃഷിക്ക് പുകള്‍പെറ്റ ഭൂപ്രദേശമായിരുന്നു വയനാട്.പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ കറുത്തപൊന്നിന്റെ(കുരുമുളകിന്റെ) നാടെന്നാണ് അറിയപ്പെട്ടിരുന്നതുപോലും. ഈ പഞ്ചായത്തുകളിലെ പല തോട്ടങ്ങളിലും തനിവിളയായാണ് കുരുമുളക് കൃഷിചെയ്തിരുന്നത്. 1991-“92ല്‍ ജില്ലയില്‍ 30543 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 2009 ആയപ്പോഴേക്കും ഇത് 19267 ഹെക്ടറായി കുറഞ്ഞു.
ദ്രുതവാട്ടം, മന്ദവാട്ടം, ഇലചെറുതാകല്‍ തുടങ്ങിയ രോഗങ്ങളും കീടബാധകളുമാണ് കുരുമുളകുകൃഷിക്ക് വിനയായത്. ക്വിന്റല്‍ കണക്കിനു കുരുമുളക് വിളഞ്ഞിരുന്ന തോട്ടങ്ങളില്‍ പലതും കഥവാശേഷമായി. രോഗ,കീടാക്രമണത്തെ അതിജീവിച്ച തോട്ടങ്ങളിലാകട്ടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 2004-“05ല്‍ 18978 ടണ്‍ ആയിരുന്നു ജില്ലയില്‍ കുരുമുളക് ഉല്‍പാദനം. 2010ല്‍ ഇത് 3361 ടണ്‍ ആയി താഴ്ന്നു.
ജില്ലയില്‍ കുരുമുളകുകൃഷി പുനരുജ്ജീവനത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും സമീപകാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ പൊതുവേ പാഴാകുകയായിരുന്നു. കര്‍ഷകര്‍ നട്ട തൈകളിലും വള്ളികളിലും ഭൂരിപക്ഷവും ഒന്നോ രണ്ടോ വര്‍ഷത്തിനകം നശിച്ചു. രോഗ, കീട ബാധയായിരുന്നു ഇതിനു പ്രധാനകാരണം. കാലാവസ്ഥയിലെ മാറ്റങ്ങളും തൈകളെ ബാധിച്ചു.
ഈ സാഹചര്യത്തിലാണ് രോഗങ്ങളോടും കീടങ്ങളോടും മല്ലടിച്ചുജയിക്കാന്‍ കഴിവുള്ള തൈകളും വള്ളികളും വികസിപ്പിക്കുന്നതിനു ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആര്‍.എ.ആര്‍.എസില്‍ ഗവേഷണം ആരംഭിച്ചത്.
ക്വിന്റലിന് ഏകദേശം 50000 രൂപയാണ് കുരുമുളകിന്റെ ഇപ്പോഴത്തെ വിപണിവില. പക്ഷേ, വില്‍ക്കാന്‍ കര്‍ഷകരില്‍ പലരുടെയും പക്കല്‍ കുരുമുളകില്ല. 3000 ടണ്ണില്‍ ചുവടെ ഉത്പാദനമാണ് ജില്ലയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
തോട്ടങ്ങളില്‍ രോഗ,കീട പ്രതിരോധശേഷിയുള്ള ചെടികള്‍ ഇടംപിടിക്കുന്ന മുറയ്ക്ക് ഏഴോ എട്ടോ കൊല്ലത്തിനകം വയനാടിന് കുരുമുളക് ഉത്പാദനത്തില്‍ ഏറെ മുന്നേറാന്‍ കഴിയുമെന്ന് ആര്‍.എ.ആര്‍.എസ്. അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.

Latest