സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോടിന് നൂറുമേനി

Posted on: November 19, 2013 6:00 am | Last updated: November 18, 2013 at 9:08 pm

കാസര്‍കോട്: സ്‌കൂള്‍ കലോത്സവങ്ങള്‍ ഗ്ലാമറിന്റെ മേളകളാകുമ്പോള്‍, ജന്മനാലുള്ള പ്രതിഭയെ കഠിനാധ്വാനം കൊണ്ടും ആത്മസമര്‍പ്പണംകൊണ്ടും തേച്ചുമിനുക്കി സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായിരിക്കുകയാണ് കാസര്‍കോട് ഗവ. അന്ധ വിദ്യാലത്തിലെ വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്തെ മണക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാം ഇനങ്ങളിലും സമ്മാനം കരസ്ഥമാക്കികൊണ്ടാണ് ഇവര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രേഫിക്ക് മുത്തം വച്ചത്. തുടര്‍ച്ചായായി നാലാം തവണയാണ് ഇവര്‍ ഈ സുവര്‍ണ നേട്ടം കരസ്ഥമാക്കുന്നത്. ഈ വിദ്യാലയത്തിലെ തന്നെ അഞ്ചാം തരം വിദ്യാര്‍ഥിനിയായ എ വിഷ്ണുപ്രിയയാണ് സംസ്ഥാനതല വ്യക്തിഗത ചാമ്പ്യന്‍. കഴിഞ്ഞ വര്‍ഷവും ഈ മിടുക്കി തന്നെയായിരുന്നു സംസ്ഥാനതല വ്യക്തിഗത ചാമ്പ്യന്‍. കൂടാതെ ശാസ്ത്രീയസംഗീത്തില്‍് തുടര്‍ച്ചായി നാലാം തവണയാണ് വിഷ്ണുപ്രിയ ഒന്നാം സമ്മാനം നേടുന്നത്.
കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ ഏക സര്‍ക്കാര്‍ അന്ധ വിദ്യാലയമാണിത്. ഇത്തവണ ഇവിടുത്തെ ഏഴു വിദ്യാര്‍ഥികളായിരുന്നു കലോത്സവത്തില്‍ പങ്കെടുത്തത്. ശാസ്ത്രീയസംഗീതം, ലളിതഗാനം, കഥാപ്രസംഗം, പദ്യപാരായണം, സംഘഗാനം, ദേശഭക്തിഗാനം, മികിക്രി, കഥാകഥനം തുടങ്ങിയ ഇനങ്ങളിലായിരുന്നു ഇവര്‍ മാറ്റുരച്ചത്. ഈ വിദ്യാലയത്തിലെ തന്നെ സംഗീതാധ്യാപകനായ ടി പി ശ്രീനിവാസനാണ് വിദ്യാര്‍ഥികള്‍ക്ക് ആവിശ്യമായ പരിശീലനം നല്‍കിയത്. ചുരുങ്ങിയമാസത്തെ പരിശീലത്തിനുള്ള സമയംമാത്രാമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. 1963 മുതലാണ് ഈ സര്‍ക്കാര്‍ അന്ധ വിദ്യാലയം വിദ്യാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചുതുടങ്ങിയത്. അന്നുമുതല്‍ പ്രവര്‍ത്തന മികവിന്റെ കൈയ്യെപ്പ് പതിച്ച നേട്ടങ്ങളാണ് ഇവര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒന്നാം കഌസ് മുതല്‍ ഏഴാം കഌസ് വരെയുള്ള ഇവിടെ ആകെ 26 വിദ്യാര്‍ഥികളാണ് ഉള്ളത്. വ്യക്തിഗത ചാമ്പ്യന്‍ ആയ വിഷ്ണുപ്രിയ കാറഡുക്കയിലെ വിശ്വനാഥന്റെയും ആശാദേവിയുടെയും മകളാണ്.