ആണവ വിഷയത്തില്‍ ഇറാനും ലോക ശക്തികളും ധാരണയിലെത്തും: റഷ്യ

Posted on: November 18, 2013 9:44 am | Last updated: November 18, 2013 at 9:45 am

russiaമോസ്‌കോ: ആണവ ധാരണ സംബന്ധിച്ച് ലോകശക്തികളും ഇറാനും ഉടന്‍ പ്രാഥമിക കരാറിലെത്തുമെന്നും ഈ നല്ല അവസരം നഷ്ടപ്പെടുത്തില്ലെന്നുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഈ മാസം 20ന് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനുമായി ആണവധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതിനു തൊട്ടുപിറകേയാണ് ടി വി അഭിമുഖത്തില്‍ ലാവ്‌റോവ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ലോകശക്തികളുമായി നടക്കുന്ന ഈ ചര്‍ച്ചയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന പ്രാഥമിക കരാര്‍ ഉണ്ടാക്കിയെടുക്കാനാവുമെന്നാണ് കരുതുന്നത്. നല്ലൊരു അവസരം കളഞ്ഞുകുളിക്കരുതെന്നാണ് തങ്ങളുടെ പൊതുവായ താത്പര്യമെന്ന് ജനീവ ചര്‍ച്ച ഫലംകാണുമോയെന്ന യുറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി തലവന്‍ കാതറിന്‍ അഷ്‌ടോണിന്റെ ചോദ്യത്തിന് മറുപടിയായി ലാവ്‌റോവ് പറഞ്ഞു.
ചര്‍ച്ചകള്‍ നിലവിലെ പ്രതിസന്ധി പരിഹരിച്ച് ആണവ വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അമേരിക്ക, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് , ജര്‍മിനി എന്നീ രാജ്യങ്ങള്‍ ഈ മാസം ഏഴ് മുതല്‍ ഒമ്പത്‌വരെ ഇറാനുമായി ജനീവയില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു.