അക്രമങ്ങള്‍ സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് തിരുവഞ്ചൂര്‍

Posted on: November 17, 2013 2:14 am | Last updated: November 17, 2013 at 2:14 am

thiruകോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപകമായ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
റിപ്പോര്‍ട്ട് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കാതെയാണ് സമരങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സ്ഥാപിത താത്പര്യം അനുസരിച്ച് അക്രമം നടത്തുന്നവരുടെ തന്ത്രങ്ങളില്‍ കര്‍ഷകര്‍ വീഴരുത്. സ്ഥാപിത താത്പര്യങ്ങള്‍ സമരത്തിന്റെ ഗതി മാറ്റും. കേരളത്തെ കലാപഭൂമിയാക്കാന്‍ ആരും ശ്രമിക്കരുത്. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തെ മറ്റ് സമരങ്ങളെ പോലെ നേരിടില്ല. റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.