ഇടത് നേതാക്കളുമായി ജഗന്‍ ചര്‍ച്ച നടത്തി

Posted on: November 17, 2013 2:00 am | Last updated: November 17, 2013 at 2:00 am

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജന തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി ഡല്‍ഹിയിലെത്തി. സി പി ഐ, സി പി ഐ(എം), ബി ജെ പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിനെ വിഭജിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള പദ്ധതിയാണ് സോണിയാ ഗാന്ധിയുടെതെന്ന് റെഡ്ഢി നേരത്തെ ആരോപിച്ചിരുന്നു. ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനാത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. ഇതുസംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഏഴംഗ മന്ത്രിതല സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി, ധനമന്ത്രി പി ചിദംബരം, ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ, ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, ഗ്രാമവികസന മന്ത്രി ജയറാം രമേശ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.