Connect with us

Kasargod

മുഖ്യമന്ത്രി പുതിയ 353 ബി പി എല്‍ കാര്‍ഡുകള്‍ നല്‍കും

Published

|

Last Updated

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈമാസം 29ന് കാസര്‍കോട് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 353 പുതിയ ബി പി എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 6,743 പരാതികള്‍ പരിശോധിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അറിയിപ്പ് നല്‍കും. ബി പി എല്‍ കാര്‍ഡ്- 2778, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം-831, വികലാംഗര്‍ക്കുള്ള സഹായം-58, വീടുകള്‍-568, ജോലി-166, പോലീസ് സഹായം-22, വൈദ്യുതി, കുടിവെളളം-132, വീട്ടുനമ്പര്‍-22, ഗതാഗതം-73, വിദ്യാഭ്യാസം-42, ആരോഗ്യം-107, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനം-64, റോഡ്, കെട്ടിട അറ്റകുറ്റ പണി-109, പി എസ് സി-35, സഹകരണ സംഘം-17, വായ്പ-358, പട്ടയം-692. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍-20, മറ്റു സേവനങ്ങള്‍-814 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്. ഇതില്‍ ബി പി എല്‍ കാര്‍ഡിന് അര്‍ഹരായ 353 പേര്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാര്‍ഡ് നല്‍കുക.
സാമൂഹിക സാമ്പത്തിക സെന്‍സസ് പ്രസിദ്ധീകരിച്ചതിനുശേഷം അവശേഷിക്കുന്ന പരാതികളില്‍ അര്‍ഹരായവര്‍ക്ക് ബി പി എല്‍ കാര്‍ഡ് അനുവദിക്കും. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഭൂരിഭാഗം അപേക്ഷകളിലും ജില്ലാതലത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലുളള അപേക്ഷകളാണ് കൃഷിമന്ത്രിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരിഹരിക്കുന്നതിന് മാറ്റിവെച്ചത്. പഞ്ചായത്തുകളില്‍ സമര്‍പ്പിച്ച പെന്‍ഷനുകള്‍ക്കുള്ള 18 പരാതികള്‍ ഇതിനകം പരിഹരിച്ച് പെന്‍ഷന്‍ അനുവദിച്ചു. ബാക്കിയുള്ള നാല്‍പ്പതോളം പരാതികള്‍ നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ലഭിച്ചാല്‍ തീര്‍പ്പാക്കുമെന്നും പരാതിക്കാരെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടേയും പൊതുജനങ്ങളുടേയും സഹകരണം കൃഷി മന്ത്രി കെ പി മോഹനന്‍ അഭ്യര്‍ഥിച്ചു. ആറായിരത്തിലേറെ പരാതികളില്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ 109 റോഡുകള്‍ നിര്‍മിക്കണമെന്ന് മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതില്‍ 41 എണ്ണം നിര്‍മിക്കാനുള്ള ഭരണാനുമതി ഇതിനകം നല്‍കിയതായി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലയില്‍ ചെറുതും വലുതുമായ ഏഴ് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അപേക്ഷകരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുവദിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് ഇതുവരെ ജോലി ലഭിക്കാത്ത നാലു പേരെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അനുവദിക്കും.
ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ്കലക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം. എച്ച് ദിനേശന്‍, ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസറായ എന്‍ ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി രാമചന്ദ്രന്‍, പി കെ സുധീര്‍ ബാബു, വി പി മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.