സച്ചിന് പകരം മറ്റൊരാള്‍ വരും: മിയാന്‍ദാദ്

    Posted on: November 14, 2013 11:55 am | Last updated: November 14, 2013 at 1:13 pm

    miyandadകറാച്ചി: വിരമിക്കുന്നതോടെ സച്ചിന്‍ വിസ്മൃതിയിലാകും. പുതിയ താരോദയത്തിന് പിറകെ ക്രിക്കറ്റ് പ്രേമികള്‍ പോകും. സച്ചിന്‍ ഒരു നഷ്ടമായിട്ടവര്‍ക്ക് തോന്നുകയേ ഇല്ല- പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെതാണ് വാക്കുകള്‍. സച്ചിന്‍ വിരമിക്കല്‍ വൈകിപ്പിച്ചുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. പുതിയൊരു പ്രതിഭക്ക് ഉയര്‍ന്നു വരാനുള്ള സമയമാണ് സച്ചിന്‍ നിഷേധിച്ചത്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ നല്‍കിയിട്ടുള്ള സംഭാവനകളെ വില കുറച്ചു കാണുന്നില്ല. തീര്‍ച്ചയായും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനാണ്. യുവാക്കള്‍ക്ക് ഞാന്‍ നിര്‍ദേശിക്കുന്ന മാതൃകാ താരം സച്ചിനാണ്. 1989 ല്‍ കറാച്ചിയിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സച്ചിന്‍ ഏവരെയും വിസ്മയിപ്പിച്ചിരുന്നു. അയാളുടെ പ്രതിഭാ മിന്നലാട്ടം അന്നേ തിരിച്ചിറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്റെ വിരമിക്കല്‍ വലിയൊരു നഷ്ടമാകില്ലെന്ന് പറയാന്‍ പ്രധാന കാരണം പുതിയ തലമുറയിലെ കളിക്കാര്‍ തന്നെയാണ്. അസാമാന്യ പ്രതിഭയുള്ളവരാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിലുള്ളത്- മിയാന്‍ദാദ് പറഞ്ഞു.