Connect with us

Ongoing News

സി ബി ഐക്ക് നിയമ സാധുതയില്ലെന്ന വിധിക്ക്‌ സുപ്രീം കോടതി സ്റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) രൂപവത്കരണം ഭരണഘടനാവിരുദ്ധമായാണെന്ന ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ഹരജി പരിഗണിക്കുകയായിരുന്നു. ഡിസംബര്‍ ആറിന് ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവിന് ആധാരമായ പരാതിക്കാരനുള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
നടന്നുകൊണ്ടിരിക്കുന്ന ഒമ്പതിനായിരത്തോളം വിചാരണ നടപടികളെയും അന്വേഷണം നടക്കുന്ന ആയിരത്തോളം ക്രിമിനല്‍ കേസുകളെയും ഹൈക്കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നും വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കില്‍ നിയമ വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2ജി സെപെക്ട്രം, സിഖ് കൂട്ടക്കൊല ഉള്‍പ്പെടെയുള്ള കേസുകളില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതര്‍ രംഗത്തെത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1963 ഏപ്രില്‍ ഒന്നിന് കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് സി ബി ഐ രൂപവത്കരിച്ചത്. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന വി വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പ് വെച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്തതാണിതെന്നും ഇതിന് നിയമപ്രാബല്യം ഇല്ലെന്നുമാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ഇന്ദിരാ ഷാ എന്നിവരുടെ സുപ്രധാനമായ വിധി. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് വിഭാഗത്തിന്റെ നിര്‍മാണം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സാധ്യമല്ലെന്നും അതിന് നിയമം പാസ്സാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെങ്കിലും സി ബി ഐ അതിന്റെ ഘടകമല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. അസമിലെ ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥനായ നവേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി വിധി വന്നത്. നവേന്ദ്ര കുമാറിനെതിരെ സി ബി ഐ ചുമത്തിയ എഫ് ഐ ആറും ഹൈക്കോടതി തള്ളിയിരുന്നു.

Latest