സൈബര്‍ ആക്രമണം: ഫിലിപ്പൈന്‍സില്‍ മാര്‍ച്ച്‌

Posted on: November 6, 2013 6:00 am | Last updated: November 5, 2013 at 11:13 pm

മനില: ഫിലിപ്പൈന്‍സില്‍ പാര്‍ലിമെന്റിന് മുന്നില്‍ നൂറോളം പേര്‍ സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി മാര്‍ച്ച് നടത്തി. മുഖംമൂടി ധരിച്ചായിരുന്നു മാര്‍ച്ച്. അഴിമതിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് ഫിലിപ്പൈന്‍സ് അനോനിമസ് സംഘം മാര്‍ച്ച് നടത്തിയത്. ഒരാഴ്ച മുമ്പ് സര്‍ക്കാറിന്റെ 30 വെബ്‌സൈറ്റുകള്‍ തകര്‍ത്തിരുന്നു. ഉത്തര മനിലയിലെ ക്യൂസണ്‍ നഗരത്തില്‍ പാര്‍ലിമെന്റിന് മുന്നിലൂടെ മുഖംമൂടി ധരിച്ചാണ് മാര്‍ച്ച് നടത്തിയത്.
ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെടുത്തിയാണ് മാര്‍ച്ച്. ശക്തമായ പ്രവര്‍ത്തനങ്ങളുമായി പുതിയ സര്‍ക്കാര്‍ സംരംഭം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി. ‘അഴിമതിയെ ഭയക്കുന്നു സത്യസന്ധതയെ പിന്തുണക്കുന്നു’ എന്നഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. കറുത്ത വസ്ത്രമാണ് ഇവര്‍ ധരിച്ചത്.