രാഷ്ട്രീയ ജീവിതത്തിലെ വേട്ടയാടല്‍ ഘട്ടം കഴിഞ്ഞുവെന്ന് പിണറായി

Posted on: November 5, 2013 12:46 pm | Last updated: November 5, 2013 at 12:53 pm

PINARAYI VIJAYAN

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ജീവിതത്തിലെ വേട്ടയാടലിന്റെ ഒരു ഘട്ടം കഴിഞ്ഞതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് വിശദീകരിക്കാന്ഡ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ഞപ്പത്രങ്ങള്‍ മുതല്‍ മഹാ നേതാക്കള്‍ വരെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തനിക്കെതിരെ മുന്‍ കമ്മ്യൂണിസ്റ്റുകളും തീവ്ര കമ്മ്യൂണിസ്റ്റുകളും എല്ലാം ഒരുമിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. എങ്ങനെ പിടിച്ചു നില്‍ക്കുന്നുവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്നാണ് എല്ലാ ഘട്ടത്തിലും താന്‍ മറുപടി പറഞ്ഞത്.

വേട്ടയാടലില്‍ വീണുപോവാതിരുന്നത് അഞ്ച് കാര്യങ്ങള്‍ കൊണ്ടാണെന്ന് പിണറായി വശദീകരിച്ചു.

1. അരുതാത്തതൊന്നും നടന്നിട്ടില്ലെന്ന അചഞ്ചലമായ ബോധം. 2. തന്നേയും പാര്‍ട്ടിയേയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ജനലക്ഷങ്ങളുടെ പിന്തുണ. 3. കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ മുമ്പിലെ പാത പൂക്കള്‍ വിരിച്ചതാകില്ലെന്ന തിരിച്ചറിവ് 4. എന്നും കൂടെ നിന്ന പ്രസ്ഥാനം. 5.എത്ര പ്രതിസന്ധി നേരിട്ടാലും സത്യം വിജയിക്കുമെന്ന വിശ്വാസം.

താനൊരിക്കലും പാര്‍ട്ടിവിരുദ്ധരുടെ കയ്യടിക്ക് വേണ്ടി നിന്നിട്ടില്ല. എക്കാലവും പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായാണ് നിന്നിട്ടുള്ളത്. എത്ര വിശുദ്ധനായാലും അത് പാര്‍ട്ടിക്ക് ബോദ്ധ്യമായിട്ടില്ലെങ്കില്‍ അത്‌കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഘട്ടത്തിലും തന്നോടൊപ്പം നിന്ന പാര്‍ട്ടിയോടും രാഷ്ട്രീയ പക പോക്കലിനെതിരെ പലപ്പോഴായി പ്രതികരിച്ച വി ആര്‍ കൃഷ്ണയ്യര്‍, സുകുമാര്‍ അഴീക്കോട്, എം കെ സാനു, ജനാര്‍ദ്ദനക്കുറുപ്പ് എന്നിവരോടും നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു.