പ്രവാസി സന്നദ്ധ പ്രവര്‍ത്തനം മാതൃകാപരം ഹജ്ജ് കോണ്‍സല്‍

Posted on: September 25, 2013 2:00 pm | Last updated: September 25, 2013 at 2:40 pm

hajjമക്ക: ഹറം, അസീസിയ, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവാസി സന്നദ്ധ സേവകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഹജ്ജ് കോണ്‍സല്‍ ശൈഖ് നൂര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഹജ്ജ് വളണ്ടിയര്‍മാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതത്തിന്റെ തിരക്കിനടിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്നവരെ സഹായിക്കാനും ഹജ്ജ് കര്‍മം സുഖകരമാക്കുവാനും ഇവര്‍ നടത്തുന്ന സേവനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ അബ്ദുസലാം, കോര്‍ഡിനേറ്റര്‍മാരായ അബ്ദുന്നാസര്‍, മഹ്ബൂബ് ഖുറൈശി, നൗഷാദ് ആലം, തന്‍വീര്‍ നബി എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുകയും വളണ്ടിയര്‍മാരെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്തു. മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെ.എം.സി.സി, ഫ്രറ്റേണിറ്റി ഫോറം, ആര്‍.എസ്.സി തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ അവരുടെ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.