എ ജിയെ സോണിയയുടെ ശബ്ദത്തില്‍ വിളിച്ച് ഭീഷണിപ്പെടുത്തി

Posted on: September 24, 2013 5:53 am | Last updated: September 23, 2013 at 10:54 pm

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശബ്ദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ഫോണ്‍ സംഭാഷണം.
ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തിട്ടുണ്ട്. വഹന്‍വതിയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് വക്താവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിളിച്ചയാളെന്ന് ഡല്‍ഹി പോലീസും സി ബി ഐയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കല്‍ക്കരി അഴിമതി കേസില്‍ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇതെന്ന് ഉന്നത വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചു. സോണിയാ ഗാന്ധിയെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ അഞ്ച്, 11 തീയതികളിലാണ് ഫോണ്‍ വിളിച്ചത്.