കുളമ്പുരോഗം വ്യാപിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

Posted on: September 21, 2013 12:15 am | Last updated: September 21, 2013 at 12:15 am

കണ്ണൂര്‍: ജില്ലയിലെ മാട്ടൂല്‍, ശ്രീകണ്ഠപുരം, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്കു കുളമ്പുരോഗ ലക്ഷണം കാണുന്നതിനാല്‍ കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണം.

ആഗസ്ത് ഒന്നിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് കാമ്പയിനില്‍ ഇനിയും കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത എല്ലാ കന്നുകാലികളെയും അടിയന്തിരമായി കുത്തിവയ്പ്പിനു വിധേയമാക്കണം. ഇതിനായി ഓരോ പഞ്ചായത്തിനും പ്രതേ്യകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അസുഖമുളള പ്രദേശങ്ങളില്‍ നിന്നും ഉരുക്കളെ അന്യപ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും വില്‍പന നടത്തുന്നതും പൊതുസ്ഥലത്തു മേക്കുന്നതും കുളിപ്പിക്കുന്നതും ഒഴിവാക്കണം. അസുഖ ലക്ഷണമുളളവയെ മൃഗാശുപത്രിയില്‍ അടിയന്തിര ചികിത്സക്ക് വിധേയമാക്കണം. കുളമ്പുരോഗത്തിനെതിരെ കര്‍ഷകര്‍ക്കു ബോധവത്ക്കരണം നടത്തുന്നതിന് ഈ മാസം 23ന് ചെറുകുന്ന് ഗ്രാമപഞ്ചായത്തു ഹാളില്‍ ക്ലാസ് സംഘടിപ്പിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.