Connect with us

Malappuram

കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് പോര് ഇഫ്‌ലു ഓഫ് ക്യാമ്പസ് നഷ്ടപ്പെടാനിടയാക്കി: ഐ എന്‍ എല്‍

Published

|

Last Updated

മലപ്പുറം: കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് പോര് ഇഫ്‌ലു ഓഫ് ക്യാമ്പസിന് സ്ഥിരാംഗീകാരം നഷ്ടപ്പെടാനിടയാക്കിയതായി ഐ എന്‍ എല്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉത്തരേന്ത്യന്‍ ലോബിക്ക് കേരളത്തോടുള്ള വിരോധത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രതികര്‍മമാണ് ഇഫ്‌ലു ഓഫ് ക്യാമ്പസിന്റെ ചിറകൊടിച്ചിരിക്കുന്നത്.

ക്യാമ്പസിന് നേരിട്ട ദുര്‍ഗതി പരിഹരിക്കാനും സ്ഥിരാംഗീകാരം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ജനങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്ക് ബാധ്യസ്ഥമായ ഭരണകൂടം നികുതിപ്പണമുപയോഗിച്ചുണ്ടാക്കുന്ന പദ്ധതികളെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്ന വിലകുറഞ്ഞ നടപടിയില്‍ നിന്ന് പിന്‍വാങ്ങണം. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായി ഇന്ദിര ആവാസ് യോജന വഴി സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികമായി അനുവദിക്കപ്പെട്ട പതിനയ്യായിരത്തോളം വീടുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിഷേധാത്മക നയം കാരണം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംലീഗ് കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് വകുപ്പിനും കോണ്‍ഗ്രസ് കൈയാളുന്ന ഗ്രാമവികസന വകുപ്പിനും ഈ അട്ടിമറിയില്‍ പങ്കുള്ളതായും ഭാരവാഹികള്‍ ആരോപിച്ചു.
കെ എസ് ആര്‍ ടി സിയുടെ ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞ സുപ്രീംകോടതി വിധി എണ്ണക്കമ്പനികളെ സഹായിക്കുന്നതാണ്. സബ്‌സിഡി പുന:സ്ഥാപിച്ച് കിട്ടാന്‍ നടപടിയെടുക്കണമെന്നും പെട്രോളിയം നികുതിയില്‍ നിന്നും റോഡ് സെസ്സില്‍ നിന്നും കെ എസ് ആര്‍ ടി സിക്ക് ഇളവ് ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest