ഓണ സമ്മാനങ്ങളുമായി ജനമൈത്രി പൊലീസ്

Posted on: September 16, 2013 7:39 am | Last updated: September 16, 2013 at 7:39 am

പെരിന്തല്‍മണ്ണ: ജനമൈത്രി പൊലീസ് താഴേക്കോട് പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണസദ്യയും നല്‍കി. പാണമ്പി ഇടിഞ്ഞാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 55 പേര്‍ക്ക് ഓണക്കോടിയും ഒരു കുടുംബത്തിന് 10 കിലോ അരി വീതവും വിതരണം ചെയ്തത്. ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ ഒരാഴ്ച മുന്‍പ് കോളനിയിലെത്തി ആളുകളുടെ കണക്കെടുത്തിരുന്നു. ഇതനുസരിച്ച് ഓരോര്‍ത്തര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. ഡി വൈ എസ് പി. കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 2008 മുതല്‍ ജനമൈത്രി പൊലീസ് ആദിവാസി കുടുംബങ്ങള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം താഴേക്കോട് പഞ്ചായത്തിലെ മറ്റ് രണ്ട് കോളനികളിലെ കുടുംബങ്ങളെ ഉള്‍പ്പടുത്തിയാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. പെരിന്തല്‍മണ്ണ ഓറ എഡിഫൈ സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന അധ്യക്ഷയായി. സി ഐ തോട്ടത്തില്‍ ജലീല്‍, എസ് ഐ ഗിരീഷ് കുമാര്‍, ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫിസര്‍ സി ഉസ്മാന്‍, താഴേക്കോട് വൈസ് പ്രസിഡന്റ് എ കെ നാസര്‍ പങ്കെടുത്തു.