Connect with us

Malappuram

തിരുവോണ നാളിലും മാധവിയുടെ ദുരിതത്തിന് മോചനമില്ല

Published

|

Last Updated

കൊളത്തൂര്‍: ബന്ധുക്കളുടെ വിയോഗവും വാര്‍ധക്യ സഹചമായ രോഗങ്ങളും മൂലം കഷ്ടപ്പെടുന്ന വെങ്ങാട് കിഴക്കേചോലയിലെ ആദിവാസി വൃദ്ധ മാധവിയുടെ ദുരിതത്തിന് ഈ തിരുവോണ നാളിലും മോചനമായില്ല. 40 വര്‍ഷത്തിലധികമായി മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ വെങ്ങാട് കിഴക്കേചോലയിലാണ് ഇവര്‍ താമസിക്കുന്നത്.
സഹോദരി മാളുവും അവരുടെ ഭര്‍ത്താവ് വേലായുധനും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അവരുടെ മരണത്തോടെ ഒറ്റപ്പെട്ട മാധവിയുടെ ജീവിതം വളരെ ദുരിതത്തിലായി. കാടുകളില്‍ പോയി തേന്‍ ശേഖരിച്ച് ജീവിതം നയിച്ചിരുന്ന ഇവര്‍ രോഗങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ കഴിയാതെയായി. അതോടെ ഭക്ഷണത്തിനുള്ള മാര്‍ഗവും അടഞ്ഞു. സ്വന്തമായി ഇവര്‍ക്ക് ഭൂമിയുണ്ടെങ്കിലും ചോര്‍ന്നൊലിക്കാതെ കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണുള്ളത്. വെങ്ങാടുള്ള ഒരു സഹോദരന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച് കൊടുത്ത കൂരയില്‍ ഇവര്‍ തനിച്ചാണ് കഴിയുന്നത്. സമീപത്തെ വീടുകളില്‍ നിന്ന് കൊണ്ട്‌വന്നുകൊടുക്കുന്ന ഭക്ഷണമാണ് ആശ്രയം. രോഗം കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. മൂര്‍ക്കനാട് പഞ്ചായത്ത് പരിരക്ഷ കേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ പരിചരണം ഉണ്ടാവാറുണ്ടെങ്കിലും ഇവരുടെ ദുരിതത്തിന് ഇപ്പോഴും മോചനമായിട്ടില്ല.

Latest