ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉന്നംവെച്ച് കവര്‍ച്ചാസംഘം വിലസുന്നു

Posted on: September 11, 2013 12:36 am | Last updated: September 11, 2013 at 12:36 am

കണ്ണൂര്‍: പോലീസും എക്‌സൈസും ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന സംഘം നഗരത്തില്‍ സജീവമാകുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് പ്രധാനമായും ഈ സംഘത്തിന്റെ ഇരകളായി മാറുന്നത്. മിക്കവാറും തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളില്‍ തന്നെയാണ് താമസിക്കാറ്. പോലീസ്, എക്‌സൈസ് സംഘമാണെന്നും പരിശോധനക്ക് എത്തിയതാണെന്നും പറഞ്ഞാണ് ഇവര്‍ എത്തുന്നത്. നല്ല രീതിയില്‍ ഹിന്ദി സംസാരിക്കുന്നവരാണ് തട്ടിപ്പു സംഘത്തിലുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം കണ്ണൂരില്‍ കക്കാട് റോഡ്, പാറക്കണ്ടി, കൊയിലി ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഭാഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാലും തങ്ങളെ സമീപിച്ചത് പോലീസുകാര്‍ തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്നതിനാലും പലപ്പോഴും തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാന്‍ തയാറാവാറില്ല. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.