ഡല്‍ഹി ബലാത്സംഗം: നാലുപ്രതികളും കുറ്റക്കാര്‍; ശിക്ഷ നാളെ

Posted on: September 10, 2013 7:10 am | Last updated: September 11, 2013 at 12:07 am

gang rape

ന്യൂഡല്‍ഹി: 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി മരണപ്പെട്ട കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ സാകേത് കോടതി വിധിച്ചു. കേസില്‍ ശിക്ഷ വിധിക്കാനായി കേസ് നാളെത്തേക്ക് മാറ്റി. നാളെ രാവിലെ 11 മണിക്ക് ശിക്ഷ വിധിക്കും. പ്രതികള്‍ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചെയ്തു എന്ന് കോടതി കണ്ടെത്തി. മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നിവരാണ് പ്രതികള്‍. കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിക്ക് ജുവനൈല്‍ നിയമപ്രകാരം ഇതിനകം തന്നെ ശിക്ഷ വിധിച്ചിരുന്നു. ദുര്‍ഗുണ പരിഹാര പഠനത്തിനാണ് കോടതി വിധിച്ചത്.

ഓടുന്ന ബസില്‍ വെച്ചാണ് ഫിസിയോതെറാപി വിദ്യാര്‍ത്ഥി പീഡനത്തിനിരയായത്. 13 ദിവസം അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ മരണപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് പീഡനത്തെയും സ്ത്രീകളുടെ സുരക്ഷയെയും പറ്റി വ്യാപകമായ ചര്‍ച്ചകളും സംവാദങ്ങളും രാജ്യത്തിന് പുറത്തുപോലും നടക്കുകയുണ്ടായി. ലൈംഗികാതിക്രമങ്ങള്‍ക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും തടയാനുള്ള നിയമഭേദഗതിക്കായി ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയും വധശിക്ഷയേക്കാള്‍ ജീവപര്യന്തം തടവാണ് വേണ്ടത് എന്ന് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ആറ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബസിന്റെ ഡ്രൈവറായ രാംസിംഗിനെ മാര്‍ച്ച് 11ന് തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.