Connect with us

International

രാസായുധം പ്രയോഗിച്ചത് തങ്ങളെന്ന് തെളിയിക്കാന്‍ അമേരിക്കക്ക് സിറിയയുടെ വെല്ലുവിളി

Published

|

Last Updated

ഡമസ്‌ക്കസ്: രാസായുധ ആക്രമണം നടത്തിയത് സൈന്യമാണെന്ന് തെളിയിക്കാന്‍ അമേരിക്കക്ക് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വെല്ലുവിളി. സിറിയന്‍ ജനതയ്ക്ക് നേരെ രാസായുധ ആക്രമണം നടത്തിയത് തന്റെ സൈന്യമാണെന്ന അമേരിക്കയുടെ വാദം കളവാണെന്ന് ബശ്ശാറുല്‍ അസദ് പറഞ്ഞു. തന്റെ ജനങ്ങള്‍ക്ക് നേരെ താന്‍ തന്നെ രാസായുധം പ്രയോഗിച്ചു എന്ന വാദത്തിന് തെളിവുകളില്ല. ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും ഏത് സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്നും സിറിയന്‍ പ്രസിന്റ് വ്യക്തമാക്കി.

സിറിയക്കെതിരെ നിയന്ത്രിത സൈനിക നടപടി അംഗികരിച്ച് വിദേശ കാര്യ സമിതി പ്രമേയം ഇന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. പ്രമേയത്തിന്‍ മേല്‍ ആദ്യഘട്ട വോട്ടെടുപ്പും ഇന്ന് നടന്നേക്കും. കോണ്‍ഗ്രസ് തീരുമാനത്തെ സ്വാധീനിക്കാന്‍ സിറിയയില്‍ നടന്ന രാസായുധപ്രയോഗത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍ ഒബാമ ഭരണകൂടം ഇന്നലെപുറത്തുവിട്ടിരുന്നു.

ആക്രമണത്തിന് അറബ് രാജ്യങ്ങളുടെപിന്തുണ കിട്ടിയെന്ന് അറബ് ലീഗ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സിറിയയെ ആക്രമിക്കാന്‍ ജി20 ഉച്ചകോടിയിലെ 12 രാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയത്തെ എട്ട് അറബ് രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ടെന്നും കെറി അവകാശപ്പെട്ടു.. അതേസമയം അമേരിക്ക സിറിയയെ ആക്രമിച്ചാല്‍ മേഖലയാകെ അശാന്തമാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയും ചൈനയും സൈനിക നടപടി പാടില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു.