Malappuram
റോഡ് തകര്‍ന്നത് നന്നാക്കിയില്ല; നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി എന്‍ജിനീയറെ തടഞ്ഞു

കാളികാവ്: മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടല്‍ നിത്യ സംഭവമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി എന്‍ജിനീയറേയും ജീവനക്കാരേയും തടഞ്ഞുവെച്ചു.
പൈപ്പ് പൊട്ടി പൂച്ചപ്പൊയില്‍ റോഡ് തകര്‍ന്നത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാത്തതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ജീവനക്കാരെ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലിക്കെത്തിയ ജീവനക്കാരെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞ് വെച്ചത്.
ഒരാഴ്ച മുമ്പ് പൂച്ചപ്പൊയില്‍ അങ്ങാടിയില്‍ പൈപ്പ് പൊട്ടിയതിനാല്‍ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. തകര്‍ന്ന റോഡുകളുടെ ഉത്തരവാദിത്വം വാട്ടര്‍ അതോറിട്ടറിക്ക് ഏറ്റെടുക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പൂച്ചപ്പൊയില്‍ റോഡില്‍ പലയിടങ്ങളിലായി പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പുതുക്കി പണിത റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. റോഡ് തകര്‍ന്നത് അതികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സംഭവം നടന്ന് കൊണ്ടിരിക്കുന്നതിനിടെ അത് വഴി വന്ന പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല പറഞ്ഞു. പൈപ്പുകളുടെ ജോയന്റുകള്‍ ഒറ്റപ്പാലത്ത് നിന്നാണ് കൊണ്ടുവരുന്നത്.
ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പൊട്ടാന്‍ കാരണമെന്ന് എന്‍ജിനീയര്‍ പറഞ്ഞു. ഞായറാഴ്ചയോടെ കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.