കല്‍ക്കരി: പ്രധാനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു- ബി ജെ പി

Posted on: September 5, 2013 12:15 am | Last updated: September 5, 2013 at 12:15 am

Ravi-Shankar-Prasadന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ കാണാതായ വിഷയം ഉയര്‍ത്തി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പ്രധാനമന്ത്രി സത്യം മറച്ചുവെക്കുകയാണെന്നും നീതിപൂര്‍വകമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാറിന് യാതൊന്നും മറച്ചുവെക്കാനില്ലെന്നും കാണാതായ ഫയല്‍ ഉടന്‍ കണ്ടെത്തി സി ബി ഐക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പാര്‍ലിമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ല പ്രതികരിച്ചു. ഈ വിഷയത്തില്‍ തുടര്‍ന്നും ആരോപണപ്രത്യാരോപണമുന്നയിച്ച് ബഹളമുണ്ടായതിനെ തുടര്‍ന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ 12.30 വരെ സഭ നിര്‍ത്തിവെച്ചു. ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പിന്നാക്ക ജാതിക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി അംഗങ്ങള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് നേരത്തെ 11 മണിവരെയും രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു.