കുത്തക കമ്പനികളുടെ കടന്നുകയറ്റം; പച്ചക്കറി വില കുത്തനെ ഉയരും

Posted on: September 4, 2013 11:57 pm | Last updated: September 4, 2013 at 11:57 pm
SHARE

vegetableപാലക്കാട്: വന്‍കിട കുത്തക കമ്പനികള്‍ ഓണക്കാലം മുതലെടുക്കാന്‍ തമിഴ്‌നാട്ടിലെ പച്ചക്കറികള്‍ മൊത്തമായി എടുത്തതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് പകുതിയായി കുറഞ്ഞു. തമിഴ്‌നാട്ടിലെ മൊത്ത വ്യാപാരികള്‍ ഓണക്കാലത്ത് വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന 700 ടണ്‍ പച്ചക്കറികളാണ് വന്‍കിട കുത്തക കമ്പനികള്‍ വാങ്ങിയിരിക്കുന്നത്. ഇത് ഓണക്കാലത്ത് വന്‍ പച്ചക്കറി ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിയൊരുക്കം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി സമൃദ്ധമായി എത്താറുള്ള ഒട്ടച്ചത്രം മുതല്‍ പാലക്കാട് വരെയുള്ള 110 കിലോമീറ്റര്‍ ദുരത്തിലാണ് വന്‍കിട കുത്തക കമ്പനിക്കാരുടെ ചെറുകിട വ്യാപാര ശൃംഖലകള്‍ പിടിമുറുക്കിയിരിക്കുന്നത്.
ചെറുകിട കര്‍ഷകരേക്കാള്‍ 30 ശതമാനം വില കൂടുതല്‍ നല്‍കി മൊത്തക്കച്ചവടക്കാരില്‍ നിന്നും കേരളത്തിലേക്കും ഉത്തരേന്ത്യയിലേക്കും ഇവര്‍ പച്ചക്കറികള്‍ കൊണ്ട് പോകുകയാണ്. മംഗലാപുരം, വിശാഖപട്ടണം എന്നിവ കേന്ദ്രീകരിച്ചുള്ള സ്വകാര്യ വെയര്‍ഹൗസിംഗ് കുത്തകകളും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നുണ്ട്, തക്കാളി, ഇലവര്‍ഗങ്ങള്‍, ബീന്‍സ്, വെണ്ട, പയര്‍വര്‍ഗങ്ങള്‍, വാഴപ്പഴം, മത്തന്‍, ഇളവന്‍, ഉള്ളി, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി തുടങ്ങും മുമ്പെ മുന്‍കൂര്‍ പണം നല്‍കി വിലയുറപ്പിച്ച് ഇവര്‍ സ്വന്തമാക്കും. ഇത് കേരളത്തില്‍ വന്‍പച്ചക്കറി ക്ഷാമവും വിലക്കയറ്റവുമാണ് സൃഷ്ടിക്കുന്നത്. കേരളം മാത്രം പ്രധാന ഉപഭോക്താവായിരുന്നപ്പോള്‍ ലഭിച്ചിരുന്നതിനേക്കാളും മികച്ചവില വന്‍കിട പച്ചക്കറി കര്‍ഷര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
പൊള്ളാച്ചി, ഒട്ടച്ചത്രം, ഉദുമല്‍ പേട്ട, ഗോവിന്ദപുരം, മീനാക്ഷി ുരം, വേലാന്താവളം എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ കേരളത്തിലേക്ക് പച്ചക്കറി കയറ്റാന്‍ എത്തുന്ന വാഹനങ്ങള്‍ നിരാശയോടെ മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 700 ടണ്‍ പച്ചക്കറി കോര്‍പ്പറേറ്റുകള്‍ വില പറഞ്ഞ് വാങ്ങി. തമിഴ്‌നാട്ടിലെ ആകെ ഉത് പാദനത്തിന്റെ 43ശതമാനം കേരളത്തിലേക്ക് കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴിത് 20 മുതല്‍ 27 ശതമാനം വരെയായി ചുരുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. സിവില്‍ സപ്ലൈസ് സ്റ്റോറുകളിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന സ്വകാര്യ കരാറുകാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പച്ചക്കറി സ്റ്റാളുകള്‍ ശൂന്യമായിരിക്കുകയാണ്.