സിറിയ: അറബ് ലീഗിന്റെ നിലപാടിനെതിരെ ഇറാന്‍

Posted on: September 4, 2013 12:00 am | Last updated: September 4, 2013 at 12:39 am

ടെഹ്‌റാന്‍: സിറിയയില്‍ സൈനിക ആക്രമണം നടത്തുമെന്ന ഒബാമയുടെ പ്രഖ്യാപനത്തെ അനുകൂലിക്കുന്ന സമീപനം സ്വീകരിച്ച അറബ് ലീഗ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാന്‍. രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം ഉയര്‍ത്തിപ്പിടിച്ച് സിറിയക്കെതിരെ അറബ് ലീഗ് നടപടി സ്വീകരിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. രാസായുധ ആക്രമണവുമായി ബന്ധപ്പെട്ട് യു എന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ വേഗത്തിലുള്ള തീരുമാനം സ്വീകരിച്ച അറബ് ലീഗ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് മര്‍സീഹ് അഖാം വ്യക്തമാക്കി. അറബ് ലീഗ് സ്വീകരിച്ച നിലപാട് സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാനേ ഇടയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സിറിയന്‍ സൈന്യം രാസായുധ ആക്രമണം നടത്തിയെന്ന പാശ്ചാത്യ ആരോപണവും ഇതേത്തുടര്‍ന്ന് സൈനിക ആക്രമണം നടത്തുമെന്ന ഒബാമയുടെ പ്രഖ്യാപനവും വന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച അറബ് ലീഗ് കൈറോയില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതും സിറിയക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചതും. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം സൈനിക നടപടി തന്നെയാണെന്ന് അറബ് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.