Connect with us

Kozhikode

കടലോരത്ത് കിണറുകളില്‍ വെള്ളം അപ്രത്യക്ഷമായി

Published

|

Last Updated

വടകര: അഴിയൂര്‍ കോട്ടിക്കൊല്ലം ഭാഗത്ത് കിണറുകളില്‍ വെള്ളം അപ്രത്യക്ഷമായി. കടലോര പ്രദേശമായ നടുത്തോട് മുതല്‍ കീരിത്തോട് വരെയുള്ള നാല്‍പതോളം കിണറുകളിലാണ് പൊടുന്നനെ വെള്ളം അപ്രത്യക്ഷമായത്. കടലില്‍ നിന്ന് മുപ്പതോളം മീറ്റര്‍ മാത്രം ദൂരത്തുള്ള കിണറുകളാണിവ. ഇതില്‍ 25 എണ്ണം സാധാരണ കിണറുകളും 15 എണ്ണം കുഴല്‍ കിണറുകളുമാണ്.
വെയില്‍ ശക്തമായതോടെ വെള്ളം കുറയുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്നലെ കാലത്തോടെയാണ് കിണറുകള്‍ പൂര്‍ണമായും വറ്റിക്കണ്ടത്. ചില വീട്ടുകാര്‍ കിണറിലിറങ്ങി ചെളി നീക്കം ചെയ്‌തെങ്കിലും പ്രതീക്ഷക്ക് വകയില്ലായിരുന്നു. കടലോരവും മണല്‍ പ്രദേശവുമായതിനാല്‍ ഇവിടങ്ങളിലെ കിണറുകള്‍ സിമന്റ് റിംഗുകളിറക്കിയാണ് നിര്‍മിക്കാറ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കിണറുകളില്‍ ഇത്തരമൊരു പ്രതിഭാസം ഇതാദ്യമാണെന്ന് പ്രദേശത്തെ പ്രായംചെന്നവര്‍ പറയുന്നു. ഈയിടെ ഈ ഭാഗത്ത് കടലാക്രമണം തടയാനായി ഭിത്തി നിര്‍മിച്ചിരുന്നു. ഇതാണോ വെള്ളം വറ്റാന്‍ കാരണമെന്നും നാട്ടുകാര്‍ സംശയിക്കുന്നു. വാഹനങ്ങളില്‍ വെള്ളം കൊണ്ടുവന്നാണ് ഇപ്പോള്‍ പ്രദേശത്ത് കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നു.