തെലങ്കാന: മന്ത്രിസഭാ തീരുമാനം 20 ദിവസത്തിനകം

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 11:37 pm

ന്യൂഡല്‍ഹി: തെലങ്കാനാ രൂപവത്കരണം സംബന്ധിച്ച കുറിപ്പ് 20 ദിവസത്തിനകം കാബിനറ്റിന്റെ പരിഗണനക്ക് വെക്കുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. കാബിനറ്റില്‍ പ്രമേയം പാസാക്കാനുള്ള കുറിപ്പ് തയ്യാറാക്കി വരികയാണ്. കുറിപ്പിന് അന്തിമ രൂപമായാല്‍ നിയമ മന്ത്രാലയത്തിന്റെ പരിശോധനക്ക് വെക്കും. ഈ പ്രക്രിയകള്‍ 20 ദിവസത്തിനകം പൂര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

തെലങ്കാനാ രൂപവത്കരണത്തില്‍ ഉയര്‍ന്നു വരാനിടയുള്ള പരാതികളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് മന്ത്രിതല സമിതി രൂപവത്കരിക്കും. തുടര്‍ന്ന് പുതിയ സംസ്ഥാന രൂപവത്കരണ പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭയില്‍ അവതരിപ്പിക്കും. ഈ പ്രമേയം കേന്ദ്ര മന്ത്രിസഭയാകും തയ്യാറാക്കുക. പ്രക്രിയകള്‍ പിന്നിടുന്നതോടെ ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ 29ാമത് സംസ്ഥാനമായി തെലങ്കാന മാറും.

ഒമ്പത് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: തെലങ്കാന വിഷയം ഉയര്‍ത്തി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഒമ്പത് എം പിമാരെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ടി ഡി പിക്കാരായ നാലും കോണ്‍ഗ്രസിലെ അഞ്ചും അംഗങ്ങള്‍ക്കെതിരെയാണ് സ്പീക്കര്‍ മീരാ കുമാര്‍ നടപടി സ്വീകരിച്ചത്. വര്‍ഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍.
ഇന്നലെ സഭ സമ്മേളിച്ച ഉടനെ, ടി ഡി പി അംഗങ്ങളായ എന്‍ ക്രിസ്തപ്പ, എം വേണുഗോപാല്‍ റെഡ്ഢി, കെ എന്‍ റാവു, എന്‍ ശിവപ്രസാദ് എന്നിവര്‍ തെലങ്കാന രൂപവത്കരണത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുഖംമൂടി ധരിച്ചാണ് ശിവപ്രസാദ് സഭയിലെത്തിയത്. തുടര്‍ന്ന് എ സായ് പ്രതാപ്, അനന്ത വെങ്കട്ടരാമി റെഡ്ഢി, എന്‍ രാജഗോപാല്‍, മകുന്ദ ശ്രീനിവാസുലു റെഡ്ഢി, കെ ബാപി രാജു എന്നീ കോണ്‍ഗ്രസ് അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ‘ജയ് സമൈഖ്യാന്ധ്ര, ഞങ്ങളുടെ ആവശ്യം ഐക്യ ആന്ധ്ര’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ഇവര്‍ ബഹളം വെച്ചത്. ടി ഡി പി- കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോരിനും സഭ സാക്ഷിയായി. കഴിഞ്ഞ ദിവസം 23ന് ഈ ഒമ്പത് പേരെയടക്കം 12 അംഗങ്ങളെ ഇതേ വിഷയത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് അഞ്ച് ദിവസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുള്ളതു കൊണ്ടായിരുന്നു അന്നത്തെ നടപടി.