മദ്യപിച്ച് വാഹനം ഓടിച്ച പോലീസുകാരനെ വിട്ടയച്ച എസ് ഐക്കെതിരെ നടപടി വേണം

Posted on: August 1, 2013 1:09 am | Last updated: August 1, 2013 at 1:09 am

മീനങ്ങാടി: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ എ ആര്‍ ക്യാംപിലെ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചിട്ടും കേസെടുക്കാതെ വിട്ടയച്ച മീനങ്ങാടി എസ് ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് എ ഐ വൈ എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വേണം. മദ്യലഹരിയില്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് ഒരു നിയന്ത്രണവുമില്ലാതെ പോയ പോലീസുകാരനെ കാക്കവയലില്‍ വെച്ചാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.സാധാരണക്കാരെ പെറ്റിക്കേസിന്റെ പേരില്‍ പോലും പീഡിപ്പിക്കുമ്പോഴും നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പോലീസുകാരന്‍ ചെയ്ത കുറ്റകൃത്യം കാണ്ടില്ലെന്ന് നടിക്കുകയും ചെയ്ത എസ് ഐയുടെ നടപടി അപമാനമാണ്. അതിനാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന് എതിരെയും അയാളെ രക്ഷപ്പെടുത്തിയ എസ് ഐയ്ക്ക് എതിരെയും നടപടി സ്വീകരിച്ച് പോലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് പഞ്ചായത്ത് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എല്‍ദോ, മണ്ഡലം പ്രസിഡന്റ് മുനീര്‍, മണ്ഡലം സെക്രട്ടറി സി എം സുധീഷ് പ്രസംഗിച്ചു.