Connect with us

Kozhikode

വഞ്ചനാകുറ്റം മാത്രം ചുമത്തിയത് കേസ് ഒതുക്കാന്‍: എളമരം കരീം

Published

|

Last Updated

കോഴിക്കോട്: ജോപ്പന്റെ ഗതി തനിക്കും വരുമെന്ന് കരുതിയാണ് സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കാതിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരീം എം എല്‍ എ. തട്ടിപ്പുനടത്തിയ വമ്പന്‍മാരെ സഹായിക്കാനാണ് തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെ കേരള പോലീസ് എതിര്‍ക്കുന്നത്. കേസിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ വഞ്ചനാകുറ്റം മാത്രം ചുമത്തിയത് പണം കൊടുത്ത് കേസ് ഒതുക്കിതീര്‍ക്കാമെന്ന് കരുതിയാണ്. ഇത് ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം മുഖ്യമന്ത്രിക്ക് അനുകൂലമാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിച്ചാല്‍ സത്യം ഒരിക്കലും പുറത്തുവരില്ലെന്നും എളമരം കരീം പറഞ്ഞു. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീധരന്‍നായരുടെ പരാതിയില്‍ ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. രാജന്‍കൊലക്കേസിലും ഐ എസ്ആര്‍ ഒ ചാരക്കേസിലും കരുണാകരന്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചു. എന്നാല്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായിട്ടും ഉമ്മന്‍ ചാണ്ടി രാജിക്ക് തയ്യാറാകാത്തത് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള അത്യാര്‍ത്തി കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ സമരം നടന്നത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി ഐ സംസ്ഥാന എക്‌സി. അംഗം ടി വി ബാലന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍, മുതിര്‍ന്ന സി പി എം നേതാവ് എം കേളപ്പന്‍, സി പി ഐ ജില്ലാ അസി.സെക്രട്ടറിമാരായ എ കെ ചന്ദ്രന്‍ മാസ്റ്റര്‍, എം നാരായണന്‍ മാസ്റ്റര്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി കെ പി രാജന്‍, ജനതാദള്‍ എസ് നേതാവ് കെ ലോഹ്യ, സി ഐ ടി യു നേതാവ് ടി ദാസന്‍ പങ്കെടുത്തു. കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. ആര്‍ എസ് പി നേതാവും മുന്‍മന്ത്രിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ ഇന്നത്തെ സമരം ഉദ്ഘാടനം ചെയ്യും.

 

Latest